പെരിയ ഇരട്ടക്കൊല കേസില്‍, സിപിഎം കെട്ടിയുയര്‍ത്തിയ ന്യായവാദങ്ങളുടെ അടിവേരറുത്ത് സിബിഐ കോടതി വിധി. ബ്രാഞ്ച് മുതല്‍ ജില്ലാ സെക്രട്ടേറിയറ്റ് നേതാക്കള്‍ അടക്കം 14 പേര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇക്കൂട്ടത്തില്‍ പൊലീസ് അവഗണിച്ച.. എന്നാല്‍.. സിബിഐ പ്രതിചേര്‍ത്ത, മുന്‍ എം.എല്‍.എയും CPM ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി.കുഞ്ഞിരാമന്‍ , പാക്കം ലോക്കല്‍ സെക്രട്ടറിയായിരുന്ന രാഘവന്‍ വെള്ളുത്തോളി, അടക്കമുള്ള പ്രമുഖരുമുണ്ട്. ക്രൂര കൊലപാതകങ്ങള്‍ നേരിട്ട് നടപ്പാക്കിയ സംഘത്തിലെ എട്ടുപേര്‍ക്കെതിരെയും കൊലക്കുറ്റം തെളിഞ്ഞു. പ്രധാനികളുടെ മേല്‍ കുറ്റം തെളിഞ്ഞതില്‍ കൃപേഷിന്‍റെയും ശരത് ലാലിന്‍റെ കുടുംബത്തിന് ആശ്വാസം. കുടുംബത്തിനൊപ്പം പാര്‍ട്ടി കൂടി അടിയുറച്ച് നിന്നതിന്‍റെ വിജയമെന്ന് കോണ്‍ഗ്രസ്. അപ്പോഴും പത്ത് പേരെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ പോകാന്‍ ആലോചന. മറുവശത്ത്, ഈ കേസില്‍ ഇപ്പോഴും നിരപരാധികളുണ്ടെന്ന വാദം ആവര്‍ത്തിക്കുന്നു സിപിഎം. പാര്‍ട്ടി ആലോചിച്ച് തീരുമാനിച്ച് ഒരു രാഷ്ട്രീയക്കൊലയും നടത്തിയിട്ടില്ല എന്നുവരെ കേട്ടു നമ്മള്‍ ന്യായീകരണം. ശിക്ഷാ വിധിക്ക് ശേഷം അപ്പീല്‍ പോകുമെന്നും സിപിഎം. ഇക്കാലമത്രയും.. ഖജനാവില്‍ നിന്ന് ഒരുകോടിയോളം മുടക്കി ഈ കേസില്‍ സിബിഐ എത്തുന്നത് തടയാന്‍ മെനക്കെട്ട സര്‍ക്കാരും സിപിഎമ്മും ഇനിയും അതേ സമീപനത്തിലോ ? ആ രണ്ട് ചെറുപ്പാക്കാരുടെ രക്തതിന്‍റെ പാപക്കറ ആരുടെ നെറ്റിയിലാണ് ഇന്ന് നാട് കണ്ടത് ? ഇത് സിപിഎമ്മിന് എത്ര പെരിയ പ്രഹരം ?