തിരുവനന്തപുരം പാറശാലയിൽ എസ്.ഐയെ ആക്രമിച്ച് പണം തട്ടിയ ഹവാല സംഘത്തിനായുള്ള തിരച്ചിൽ തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. ഹവാല കടത്തിന് പിന്നിൽ പാറശാല ഇടിച്ചക്കപ്ളാമൂട് സ്വദേശികളെന്ന വിലയിരുത്തലിൽ പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തു. ശനിയാഴ്ചയാണ് തമിഴ്നാട് പുതുക്കട എസ്. ഐ റോബർട്ട് ജയിനിനെ വളഞ്ഞിട്ട് ആക്രമിച്ച ഹവാല സംഘം രണ്ട് കോടി രൂപ തട്ടിയെടുത്തത്. ബൈക്കിൽ കടത്തിയ പണം പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുമ്പോളായിരുന്നു ആക്രമണം. എസ്.ഐയെ പിടിച്ചെടുത്ത പണം സംഘം കൈക്കലാക്കുകയും ചെയ്തു.
പാറശാലയ്ക്ക് സമീപം ഇടിച്ചക്കപ്ളാമൂട്ടിലുള്ള മലയാളി സംഘമാണ് പണം കടത്തലിനും ആക്രമണത്തിനും പിന്നിലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. അതിനാൽ ആക്രമണത്തിനിരയായ തമിഴ്നാട് എസ്.ഐ റോബർട്ട് ജയിനിനെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങിയ പാറശാല പൊലീസ് കേസെടുത്തു. ആരുടെയും പേരിലല്ലങ്കിലും ഇടിച്ചക്കപ്ളാമൂട് സ്വദേശികളായ പത്ത് പേരെന്നാണ് എഫ്.ഐ.ആർ തയാറാക്കിയിരിക്കുന്നത്. ഇതിൽ നാല് പേർക്കാണ് പണം കടത്തലുമായി നേരിട്ട് ബന്ധമെന്നാണ് സൂചന. ഇവരുടെ വീടുകളിലെത്തി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സംഭവത്തിന് തൊട്ടുപിന്നാലെ പിടിച്ചെടുത്ത രണ്ട് കോടി രൂപയുമായി ഇവർ തമിഴ്നാട്ടിലേ്ക്ക് കടന്നെന്നാണ് വിവരം. അതിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ വ്യാപിപ്പിച്ചു. ഇവരുടെ മൊബൈൽ ഫോൺ പിന്തുടർന്നും പാറശാല പൊലീസ ്അന്വേഷിക്കുന്നുണ്ട്.