തൃശൂര്‍ നഗരത്തിലെ ഹോട്ടലില്‍ പതിനാറു ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കാമറൂണ്‍ സ്വദേശികള്‍ക്കൊപ്പം കള്ളനോട്ടുകളുമായി ഹോട്ടലില്‍ മുറിയെടുക്കാന്‍ എത്തിയ മതിലകം സ്വദേശി അശോകനാണ് പിടിയിലായത്. ഇയാളുടെ കൂട്ടാളികള്‍ക്കായും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.
കഴിഞ്ഞ ആറാം തിയതി രാത്രിയാണ് സംഭവം. തൃശൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ഹോട്ടലിന്റെ ഓഫിസിലാണ് കള്ളനോട്ട് ബാഗ് ഉപേക്ഷിച്ചത്. പതിനാറു ലക്ഷം രൂപയുടെ നോട്ടുകളായിരുന്നു ബാഗില്‍. രണ്ടു നൈജീരിയക്കാരും ഒപ്പമുണ്ടായിരുന്നു. കള്ളനോട്ടുകാരെക്കുറിച്ച് പൊലീസിന് സൂചന കിട്ടിയെന്നു മനസിലായതോടെ നോട്ടു ബാഗ് ഉപേക്ഷിച്ച മുങ്ങുകയായിരുന്നു. കള്ളനോട്ടില്‍ മുക്കാനുള്ള രാസദ്രാവകം പൊലീസ് കണ്ടെടുത്തിരുന്നു. മസ്ക്കറ്റില്‍ എ.സി.മെക്കാനിക്കായിരുന്നു അശോകന്‍. മദ്യംവിറ്റതിന് ആറുമാസം മസ്ക്കറ്റ് ജയിലില്‍ കിടന്നു.
അന്ന്, ജയിലില്‍വച്ച് പരിചയപ്പെട്ട കാമറൂണ്‍ സ്വദേശികളെ നാട്ടിലേക്കു വിളിച്ചു വരുത്തിയാണ് കള്ളനോട്ട് ഇടപാട്. നോട്ട് നിര്‍മിക്കാനുള്ള കടലാസും മുക്കേണ്ട രാസദ്രാവകവും സഹിതമാണ് കാമറൂണ്‍ സ്വദേശികള്‍ എത്തിയത്. ഹോട്ടലിന്റെ സിസിടിവി ദൃശ്യങ്ങള്‍ മാത്രമായിരുന്നു തെളിവ്. കാമറൂണ്‍ സ്വദേശികളുടെ ടിക്കറ്റ് ബുക്ക് ചെയ്ത ട്രാവല്‍ ഏജന്‍സിയില്‍ നിന്നുള്ള വിവരങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് അശോകനെ കുടുക്കിയത്.