ചാവക്കാട് കള്ളനോട്ട് കേസിൽ അറസ്റ്റിലായ സി.പി.എം പ്രവർത്തകൻ റാഫിയുടെ ഉന്നത ബന്ധം അന്വേഷിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി. തൃശൂർ കോർപറേഷൻ മേയർക്കൊപ്പം റാഫി നിൽക്കുന്നതിന്റെ ചിത്രം ബി.ജെ.പി പുറത്തുവിട്ടു.
തൃശൂർ കൂർക്കഞ്ചേരി സ്വദേശിയായ റാഫിയാണ് കള്ളനോട്ടുമായി പിടിയിലായത്. ഡി.വൈ.എഫ്.ഐയുടേയും സി.പി.എമ്മിന്റെയും സജീവ പ്രവർത്തകനായിരുന്നു. റാഫിയുടെ സി.പി.എം ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങൾ ബി.ജെ.പി നേതാക്കൾ പുറത്തുവിട്ടു. കൊടുങ്ങല്ലൂർ കള്ളനോട്ടടി കേസിൽ യുവമോർച്ചക്കാർ അറസ്റ്റിലായപ്പോൾ സി.പി.എം ഏറെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. അതിന് മറുപടിയെന്നോണം ചാവക്കാട് കേസ് ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്.
അറസ്റ്റിലായ റാഫിയുടെ പക്കൽ നിന്ന് ഒരു ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. മാംസ വിൽപനക്കാരനായ റാഫി, കന്നുകാലി ചന്തയിലാണ് കള്ളനോട്ടുകൾ മാറിയിരുന്നത്. പ്രതിയുടെ പാര്‍ട്ടിബന്ധം പുറത്തുവന്നതോടെ സി.പി.എം. വെട്ടിലായിട്ടുണ്ട്.