തൃശൂര്‍ ചാവക്കാട് ഇരുപത്തിയൊന്നര ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി മൂന്നു പേര്‍ പിടിയില്‍. അഞ്ഞൂറിന്റെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്.
രണ്ടാഴ്ച മുമ്പ് പിടിയിലായ കള്ളനോട്ടു സംഘത്തിലെ കണ്ണികളാണ് പിടിയിലായ മൂവരും. തൃശൂര്‍ പട്ടിക്കാട് സ്വദേശികളായ രവി, സുകുമാരന്‍ , കൂര്‍ക്കഞ്ചേരി സ്വദേശി റാഫി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കള്ളനോട്ടു കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. ഒരു ലക്ഷം രൂപയുടെ അഞ്ഞൂറിന്റെ കള്ളനോട്ടുകളാണ് മൂന്നു പേരില്‍ നിന്നായി പൊലീസിന് കിട്ടിയത്. നിരവധി നോട്ടുകള്‍ പലയിടത്തും മാറിയിട്ടുണ്ടെന്ന് പ്രതികള്‍ മൊഴിനല്‍കി. ഒരു ലക്ഷം രൂപയുടെ യഥാര്‍ഥ നോട്ട് നല്‍കി രണ്ടു ലക്ഷം രൂപയുടെ കള്ളനോട്ടു വാങ്ങിയത് രവിയാണെന്ന് പൊലീസ് പറഞ്ഞു. സുകുമാരനും റാഫിയും രവിയുടെ സുഹൃത്തുക്കളാണ്. ലോട്ടറി ഏജന്റുകൂടിയായ സുകു ചെറിയ സമ്മാനങ്ങള്‍ക്ക് ആളുകള്‍ക്ക് നല്‍കിയിരുന്നത് കള്ളനോട്ടാണ്. മാംസ വില്‍പനക്കാരനായ റാഫി കന്നുകാലി ചന്തകളിലാണ് കള്ളനോട്ട് മാറ്റിയിരുന്നത്.
കള്ളനോട്ടു ശൃംഖലയില്‍ ഇനിയും കണ്ണികളുണ്ടെന്നാണ് സൂചന. പൊലീസിന്റെ അന്വേഷണം തുടരുകയാണ്. പൊലീസ് പിന്‍തുടരുന്നതറിഞ്ഞ് നൈജീരിയക്കാരായ രണ്ടു പേര്‍ കള്ളനോട്ട് ബാഗ് തൃശൂരിലെ ലോഡ്ജില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു. ഇരുപത്തിയഞ്ചു ലക്ഷം രൂപയുടെ കള്ളനോട്ടാണ് തൃശൂര്‍ ജില്ലയില്‍ നിന്ന് ഈയിടെ പിടികൂടിയത്.