ദുല്‍ഖര്‍ ചിത്രം സോളോ ഇന്ന് തിയറ്ററുകളിലെത്തും. സംസ്ഥാനത്താകെ 225 സ്ക്രീനുകളിലായി ആയിരം ഷോയാണ് ചിത്രത്തിന്. നാല് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും ചിത്രം റിലീസ് ചെയ്യും.
ശിവ, രുദ്ര, ശേഖര്‍, ത്രിലോക് എന്നിവരുടെ കഥയാണ് സോളോ പറയുന്നത്. പഞ്ചഭൂതങ്ങളുമായി ബന്ധപ്പെടുത്തിയാണ് കഥയൊരുക്കിയത്. മലയാള സിനിമയില്‍ പുതിയ പരീക്ഷണമാണ് ചിത്രം. നാല് വ്യത്യസ്ത ലുക്കില്‍ ദുല്‍ഖര്‍ എത്തുന്നു എന്നതാണ് പ്രത്യേകത. ട്രെയിലറുകളില്‍ കാണാത്ത മറ്റൊരു ദുല്‍ഖറുണ്ട് സിനിമയില്‍.
കേരളത്തിന് പുറത്തുനിന്നുള്ള നാല് നായികമാരാണ് ചിത്രത്തില്‍. നേഹ ശര്‍മ്മ, സായ് ദന്‍ഷിക, ശ്രുതി ഹരിഹരന്‍, ആരതി വെങ്കിടേഷ് എന്നിവര്‍. സെയ്ത്താനും ഡേവിഡിനും വാസിറിനും ശേഷം ബോളിവുഡ് സംവിധായകനും മലയാളിയുമായ ബിജോയ് നമ്പ്യാര്‍ ഒരുക്കുന്ന ചിത്രമാണിത്.
ചിത്രം പുതിയ അനുഭവമാണ് സമ്മാനിച്ചതെന്ന് ദുല്‍ഖര്‍. നാല് കഥകളിലേക്കായി ഇരുപതിലധികം മുന്‍നിര താരങ്ങളാണ് അഭിനയിച്ചത്. പതിനൊന്ന് സംഗീത സംവിധായകരും സോളോയുടെ ഭാഗമായി.
ബോളിവുഡില്‍ ശ്രദ്ധേയ ചിത്രങ്ങള്‍ ചെയ്ത ബിജോയിയുടെ ആദ്യ മലയാള സിനിമയാണ് സോളോ. മലയാളത്തില്‍ നേരത്തെ ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തിട്ടുണ്ട്. മോഹന്‍ലാലുമായി മുമ്പ് ചിത്രം പദ്ധതിയിട്ടിരുന്നെങ്കിലും നടന്നില്ല.