മൂന്നു പതിറ്റാണ്ടുനീണ്ട അഭിനയജീവിതത്തിനിടയില്‍ സിനിമയില്‍ ഒരു ഗ്രൂപ്പിന്റെയും ഭാഗമായിട്ടില്ലെന്ന് നടന്‍ ബാബു ആന്‍റണി. നവംബര്‍ മൂന്നിന് റിലീസ് ചെയ്യുന്ന പുതിയ ചിത്രം സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന്‍റെ പ്രചാരണാര്‍ഥം കൊച്ചിയിലെത്തിയതായിരുന്നു ബാബു ആന്റണി. പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ക്കൊപ്പം സിനിമയിലെ അനുഭവങ്ങളെക്കുറിച്ചും ബാബു ആന്‍റണി മനസ്സുതുറന്നു.
ഭരതന്‍റെ ചിലമ്പില്‍ തുടങ്ങി മുപ്പതുവര്‍ഷങ്ങള്‍ക്കിപ്പുറം നടനെന്ന നിലയില്‍ ബാബു ആന്‍റണിയുടെ ക്രെഡിറ്റിലുള്ളത് നൂറ്റി ഇരുപതില്‍ താഴെ ചിത്രങ്ങള്‍. മലയാള സിനിമയിലെ ബ്രൂസ്്ലി എന്ന വിശേഷണത്തില്‍ തൊണ്ണൂറുകളുടെ മധ്യത്തില്‍ ഒാരോ വര്‍ഷവും അഞ്ചും ആറും ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും വീണ്ടും ചെറിയ ഇടവേളകളുണ്ടായി.
മൂന്നുപതിറ്റാണ്ടിനിടയില്‍ സിനിമയില്‍ ഒരു ഗ്രൂപ്പിന്‍റെയും ഭാഗമായിട്ടില്ല. നായകനായപ്പോള്‍ സഹനടന്മാര്‍ക്കുവരെ താന്‍ വേണ്ട അവസരം നല്‍കി. ഇന്ന് സിനിമയ്ക്ക്് മുകളിലാണ് നായകനെന്ന നിലയിലായി കാര്യങ്ങള്‍. സിനിമയില്‍ പലപ്പോഴും ഒതുക്കപ്പെട്ടുവെന്നും തോന്നി.
ആയോധനകലകള്‍ ഇന്നും മുറതെറ്റാതെ പരിശീലിക്കുന്നുണ്ട്. പിയാനോ എന്ന പ്രണയകഥ മനസിലുണ്ട്. തിരക്കഥയൊരുക്കാനും സംവിധാനത്തിനുമായി പലരെയും സമീപിച്ചു. ചിലര്‍ അഭിനയിച്ചാല്‍ മാത്രം ചിത്രം നിര്‍മിക്കാമെന്ന് പറഞ്ഞവരുണ്ട്. തനിക്ക് സമ്മതമല്ല. നിര്‍മാതാക്കളെ ചാക്കിട്ടുപിടിക്കാന്‍ അറിയില്ല. നടനില്‍നിന്ന് ഒരു സംവിധായകന്‍ പിറക്കുമോ എന്നതാണ് ചോദ്യം.