ആസിഫ് അലിയുടെ വ്യത്യസ്ത ഗെറ്റപ്പിലെത്തിയ കാറ്റ് മികച്ച പ്രതികരണം സ്വന്തമാക്കി പ്രദര്‍ശനം തുടരുന്നു. മലയാളത്തില്‍ ഒരുപിടി മികച്ച ചിത്രങ്ങളൊരുക്കിയ അരുണ്‍ കുമാര്‍ അരവിന്ദാണ് സിനിമ ഒരുക്കിയിരിക്കുന്നത്. മാനസ ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായിക. ദീപക്ക് ദേവ് സംഗീതം ഒരുക്കിയ കാറ്റിലെ പാട്ടുകളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചു കഴിഞ്ഞു.
ഈ ദീപാവലി ദിനത്തില്‍ കാറ്റ് അടക്കം രണ്ട് മികച്ച ചിത്രങ്ങളുടെ ഭാഗമായ മാനസ രാധാകൃഷ്ണനാണ് അഥിഥിയായി എത്തിയിരിക്കുന്നത്. കാറ്റിനൊപ്പം മാനസയുടെ മികച്ച വേഷവുമായി ക്രോസ് റോഡും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. 'പോളേട്ടന്റെ വീട്' എന്ന ചിത്രം മലയാളത്തിന് സമ്മാനിച്ച നായികയാണ് മാനസ. നായികയായി തമിഴിലായിരുന്നു തുടക്കം. പുതിയ അവസരങ്ങള്‍ തേടിയെത്തുന്നതിന്റെ ആഹ്ലാദത്തിനിടെ ആരുമറിയാത്തൊരു ബാലതാരമായിരുന്നു താനെന്ന് മാനസ വെളിപ്പെടുത്തുന്നു.
ദുബായില്‍ എന്‍ജിനിയറായ തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണന്റേയും ശ്രീകലയുടേയും ഏകമകളാണ് മാനസ. പത്താംക്ലാസുവരെ ദുബായിലായിരുന്നു പഠനം. പ്ലസ്ടു പഠനത്തിനിടെയാണ് സണ്ടക്കുതിരൈ എന്ന ചിത്രത്തില്‍ നായികയാകാന്‍ അവസരം കിട്ടിയത്. ആ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ സമുദ്രക്കനിയുടെ ശിഷ്യന്‍റെ സിനിമയിലേക്കും വിളിയെത്തി. ആദ്യതമിഴ്ചിത്രത്തിലെ അഭിനയമാണ് പോളേട്ടന്റെ വീട്ടിലേക്ക് വാതില്‍തുറന്നത്. ദിലീപ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സാറ എന്ന ബിരുദവിദ്യാര്‍ഥിയെയാണ് അവതരിപ്പിച്ചത്. ഞാനുമായി കുറേയെറ സാമ്യതയുള്ള കഥാപാത്രം ഒരുപാടിഷ്ടപ്പെട്ടുവെന്ന് മാനസ പറയുന്നു. കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്റെ മകന്‍ അമല്‍ ആണ് പോളേട്ടന്റെ വീട്ടിലെ നായകന്‍.
അഞ്ചാംക്ലാസില്‍ പഠിക്കുമ്പോഴാണ് സത്യത്തില്‍ ക്യാമറയ്ക്കുമുന്നിലെത്തിയത്. തിരക്കഥാകൃത്തും സംവിധായകനുമായ രഘുനാഥ് പലേരിയുടെ 'കണ്ണുനീരിനും മധുരം' എന്ന ചിത്രത്തില്‍ െനടുമുടി വേണുവിന്റെ മകളായി. സിനിമ പുറത്തിറങ്ങാതിരുന്നത് ഏറെ വിഷമിപ്പിച്ചു. അധികം വൈകാതെ കടാക്ഷം എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിക്കാനും ഭാഗ്യം കിട്ടി. പക്ഷെ, ബാലതാരമായിട്ടുള്ള അരങ്ങേറ്റം യാതൊരു പ്രശസ്തിയും നല്‍കിയില്ല. ഇടയ്ക്ക്, ദിലീപിന്റെ വില്ലാളി വീരനിലും ചെറിയ വേഷത്തില്‍ വന്നതും അധികമാരുമറിഞ്ഞില്ല. ആ കണ്ണുനീര്‍കടന്നാണ് ഈ സന്തോഷത്തിലേക്കെത്തുന്നത്.
കുട്ടിക്കളി മാറ്റിയ തമിഴകം
സിനിമതാരമായി കാണാന്‍ അച്ഛനും അമ്മയ്ക്കുമായിരുന്നു വലിയ ആഗ്രഹം. ചെറിയ ക്ലാസുമുതല്‍ നൃത്തം പഠിക്കുന്നുണ്ട്. ദുബായില്‍ ആശാ ശരത്തിന്റെ സ്കൂളിലായിരുന്നു. സിനിമയോട് പ്രത്യേകിച്ച് താല്‍പര്യമൊന്നും തോന്നിയിരുന്നില്ല. ശരിക്കുമൊരു കുട്ടിക്കളിയായാണ് അഭിനയത്തെ കണ്ടതും. പക്ഷെ, ആദ്യതമിഴ്സിനിമയുടെ ലൊക്കേഷനിലെത്തിയപ്പോള്‍ സമീപനത്തില്‍ മാറ്റമുണ്ടായി. അഭിനയം ചില്ലറക്കാര്യമല്ലെന്ന് ശരിക്കും ബോധ്യപ്പെട്ടു. ഒന്നും രണ്ടും മാസമൊക്കെ മറ്റൊരാളായി മാറി ക്യാമറയ്ക്ക് മുന്നില്‍വരുന്നത് ഇപ്പോള്‍ ആസ്വദിക്കുകയാണ്. പത്തുസംവിധായകര്‍ ഒന്നിക്കുന്ന ക്രോസ് റോഡില്‍ ബാബു തിരുവല്ല ഒരുക്കുന്ന മൗനം എന്ന ചിത്രത്തില്‍ കന്യാസ്ത്രീയായി അഭിനയിച്ചു. എം.ജെ.രാധാകൃഷ്ണനെപ്പോലുള്ള അനുഭവസമ്പന്നര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായി.
ഡോക്ടറുണ്ട് മനസ്സില്‍
പ്ലസ്ടു കഴിഞ്ഞ് എന്‍ട്രന്‍സിനുള്ള തയ്യാറെടുപ്പിലാണ്. ഡോക്ടറാകണം എന്ന സ്വപ്നം സ്കൂള്‍കാലം മുതല്‍ കൊണ്ടുനടക്കുകയാണ്. സിനിമയ്ക്കുവേണ്ടി അതുമാറ്റിവച്ചിട്ടില്ല. ഒരു ഡോക്ടര്‍ ആക്റ്റര്‍ ആയി പ്രേക്ഷകരുടെ ഇഷ്ടംനേടണം. മാനസ ലക്ഷ്യം മനസ്സിലൊളിപ്പിക്കുന്നില്ല.