hipo-kid

അഭിരാമിയെന്നൊരു അഞ്ചു ദിവസക്കാരി  കുഞ്ഞാണ് ഇപ്പോള്‍ തലസ്ഥാനത്തിന്റെ താരം. തിരുവനന്തപുരം സ്വദേശികളായ ഗോകുല്‍ –ബിന്ദു ദമ്പതികളുടെ കുഞ്ഞിന്റെ വിശേഷങ്ങള്‍.

അമ്മ ബിന്ദുവിന്റെ ചാരത്തുണ്ട് അഭിരാമി. പരുന്തും കഴുകനുമൊന്നും തന്റെ കുഞ്ഞിനെ റാഞ്ചാതെ കണ്ണിമ ചിമ്മാതെ കാവലിലാണ് ബിന്ദു. ചൂടുകാലമായതുകൊണ്ടാണെന്നു തോന്നുന്നു വെളളത്തില്‍ കളിക്കാനും മുങ്ങിക്കിടക്കാനുമൊക്കെയാണ് കുസൃതി കുഞ്ഞിന് കൂടുതലിഷ്ടം. അച്ഛന്‍ ഗോകുലും നാല് അമ്മായിമാരും  കരുതലൊരുക്കി ചുറ്റിനുമുണ്ട്. തിങ്കളാഴ്ചയായിരുന്നു ഹിപ്പോ കുടുംബത്തില്‍ അഭിരാമിയുടെ ജനനം. 19കാരി ബിന്ദുവിന്റേയും 14 കാരന്‍ ഗോകുലിന്റേയും കടിഞ്ഞൂല്‍. ലക്ഷണങ്ങളൊക്കെ വച്ച് പെണ്‍കുഞ്ഞാണെന്നുറപ്പിച്ച് അഭിരാമിയെന്ന പേരും കണ്ടു വച്ചിരിക്കുകയാണ് മൃഗശാലയിലെ നോട്ടക്കാര്‍. അവധിക്കാലമായതോടെ വന്‍ തിരക്കനുഭവപ്പെടുന്ന മൃഗശാലയില്‍ അഭിരാമി വന്നതോടെ താരപരിവേഷമാണ് ഹിപ്പോ കുടുംബത്തിനാകെ... 40 മുതല്‍ 60 വയസുവരെയാണ് ഒരു ഹിപ്പോയുടെ ആയുഷ്കാലം. 8മാസം ഗര്‍ഭകാലവും.