talking-point

വീണ്ടും ഒരു കേരളീയം . കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഈ വർഷം ഡിസംബറിൽ  കേരളീയം പരിപാടി നടത്താനാണ് തീരുമാനം.   പരിപാടിയുടെ നടത്തിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ  ചേർന്ന സംഘാടക സമിതി യോഗത്തിൽ    ചെലവ് സ്പോൺസർ ഷിപ്പിലൂടെ കണ്ടെത്താൻ വകുപ്പുകൾക്ക് നിർദ്ദേശം നല്‍കി.കഴിഞ്ഞ വർഷം നവംബറിൽ നടന്ന ആദ്യ കേരളീയം പരിപാടിയുടെ  സ്പോൺസർഷിപ്പ് കണക്കുകൾ സര്‍ക്കാര്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. പല തവണ വിവരാവകാശ നിയമ പ്രകാരം സ്പോൺസർഷിപ്പ് കണക്കുകൾ ചോദിച്ചിട്ടും ബന്ധപ്പെട്ട വകുപ്പുകൾ മറുപടി നൽകിയില്ല.നിയമസഭയിലും ചോദ്യമുയര്‍ന്നെങ്കിലും PRD  ചെലവഴിച്ച കണക്കുകൾ മാത്രമാണ് പുറത്ത് വിട്ടിട്ടുള്ളത്. എന്തുകൊണ്ടാണ് കേരളീയം കണക്കുകളിൽ സുതാര്യതയില്ലാത്തത്. ധൂർത്ത് ആരോപിച്ചു ആദ്യ കേരളീയം പ്രതിപക്ഷം ബഹിഷ്കരിച്ചപ്പോൾ ഈ ചെലവ് കേരളത്തെ ബ്രാൻഡ് ചെയ്യാനുള്ള നിക്ഷേപമാണെന്ന് ധനമന്ത്രിയും കേരളീയത്തെ ലോക ബ്രാൻഡ് ആക്കുമെന്ന് മുഖ്യ മന്ത്രിയും മറുപടി നല്‍കിയിരുന്നു

 

കേരളത്തെ അതിന്റെ എല്ലാ മികവുകളോടെയും ലോകത്തിനുമുന്നിൽ അവതരിപ്പിക്കുക എന്ന കേരളീയം ആശയത്തെ അംഗീകരിച്ചു കൊണ്ട് തന്നെ ചോദിക്കട്ടേ കഴിഞ്ഞ കേരളീയം പോലെയാണോ രാജ്യാന്തര തലത്തിൽ ഒരു ബ്രാൻഡിംഗ് രൂപപ്പെടുത്തേണ്ടത് .കഴിഞ്ഞ കേരളീയമാണ് ശരിയെങ്കിൽ ആ ബ്രാൻഡിങിലൂടെ സംസ്ഥാനത്തിനുണ്ടായ നേട്ടം എന്താണെന്ന് കൂടി വ്യക്തമാക്കണ്ടേ?.മുണ്ടുമുറുക്കി ഉടുത്തു മലയാളികൾ ജീവിക്കുന്നതിനിടയിൽ,ക്ഷേമ പെൻഷനായി  കാത്തു കാത്തിരിക്കുന്നു ജീവിതം തള്ളി നീക്കുന്നതിനിടയിൽ,കോടികൾ പൊടിപൊടിച്ചു നടത്തുന്ന ഇത്തരം പരിപാടികളുടെ ബാക്കി പത്രം എന്താണെന്നറിയാൻ ജനങ്ങൾക്ക് അവകാശമില്ലേ ? അതുകൊണ്ട്  രണ്ടാം കേരളീയത്തിനുള്ള തയ്യാറെടുപ്പുകളിലേക്കു കടക്കവേ ഇന്ന് ടോക്കിങ് പോയിന്റിൽ നമ്മൾ സംസാരിക്കുന്നു .... കേരളീയം കേരളത്തിന് നല്‍കിയതെന്ത്?

Talking point on kerala government hosts keraleeyam once again: