തൃശൂര്‍ പൂരം കലക്കിയപോലെ തന്നെ, നിറയെ സംശങ്ങളും ചോദ്യങ്ങളും ആക്ഷേപവും സൃഷ്ടിച്ച് അതിന്റെ അന്വേഷണവും. ആര് പൂരം കലക്കി എന്ന ചോദ്യത്തിന് നേരിട്ടൊരു ഉത്തരമില്ലാതെ, കൃത്യം സൂചനകളോടെ എ.ഡി.ജി.പി എം.ആര്.അജിത് കുമാര്‍ ഡി.ജിപിക്ക് മുന്‍പാകെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇപ്പോഴത് മുഖ്യമന്ത്രിയുടെ മേശപ്പുറത്ത്. ആ റിപ്പോര്‍ട്ടില്‍ പുറംലോകം അറിയേണ്ടതെന്ന് സര്‍ക്കാരിന് തോന്നുന്നത് മാത്രം നാളെയോ മറ്റന്നാളോ ഔദ്യോഗികമായി പുറത്തുവിട്ടേക്കാം. പക്ഷേ, ഇപ്പോഴറിയുന്നത്.. പൊലീസിന് വീഴ്ചകളുണ്ടെങ്കിലും പൂരം മുടക്കിയത് സംഘാടകരായ ദേവസ്വങ്ങളെന്നാണ് എ.ഡി.ജി.പിയുെട പ്രധാന കണ്ടെത്തല്‍ എന്നാണ്. പാറമേക്കാവിന് അധികം പോറലില്ലാതെ, തിരുവമ്പാടിക്ക് മുകളില്‍ സംശയക്കുട ചൂടുകയാണ് അന്വേഷണ റിപ്പോര്‍ട്ട്. രാഷ്ട്രീയ ലക്ഷ്യമുള്ള ആസൂത്രിത നീക്കമെന്ന സൂചനയും ബാക്കിയാക്കുന്നു. എന്നാല്‍, പൂരത്തിന് മൂന്ന് നാള് മുന്നേ തൃശൂരിലെ ക്രമീകരണങ്ങളില്‍ നടത്തിയ ഇടപെടലും, അലങ്കോലപ്പെട്ടപ്പോള്‍ തൃശൂരിലുണ്ടായിട്ടും പൂരനഗരിയിലേക്ക് പോകാതിരുന്നതും തൊട്ട്... പറഞ്ഞ നേരത്ത് അന്വേഷണം പൂര്‍ത്തിയാക്കാത്തത് വരെ.. നിരവധി കാര്യങ്ങളില്‍ ADGP എം.ആര്.അജിത് കുമാറിനെതിരെയും ഇവിടെ ആരോപണം ബാക്കി. സിപിഐ മുഖപത്രം ഇന്നത് അക്കമിട്ട് നിരത്തുന്നു. ടോക്കിങ് പോയ്ന്റ് ചോദിക്കുന്നു. പൂരം കലക്കിയതില്‍ വെളിപ്പെടുന്നതെന്ത് ?