പാലക്കാട്ടെ ബിജെപിയില്‍ നാളുകളായി പുകയുന്ന വിമതപ്പുകില് ജില്ലാ അധ്യക്ഷന്‍ നിര്‍ണയത്തില്‍ കത്തിപ്പടര്‍ന്നു. നഗരസഭാ ഭരണത്തെ മുള്‍മുനയില്‍ നിര്‍ത്തി, കൗണ്‍സിലര്‍മാര്‍ രാജി ഭീഷണി മുഴക്കി. ഒടുവില്‍ ആ തീ ആര്.എസ്.എസ് വെള്ളം ഒഴിച്ച് തണുപ്പിച്ചു. അപ്പോഴും കനലടങ്ങിയിട്ടില്ല എന്ന് വ്യക്തിമാക്കി, ഇന്ന്.. പുതിയ ജില്ലാ അധ്യക്ഷന്‍ പ്രശാന്തിന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ നിന്ന് വിമത കൗണ്‍സിലര്‍മാര്‍ വിട്ടു നിന്നു. പാലക്കാട്ട് ഒന്നും സംഭവിക്കില്ലെന്ന് ഞാന്‍ പറഞ്ഞതല്ലേ എന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ആത്മവിശ്വസം പ്രകടിപ്പിച്ചു. ബിജെപിയിലെ വിമതരെ കോണ്‍ഗ്രസിലേക്ക് അടുപ്പിക്കാന്‍ നീക്കമെന്ന റിപ്പോര്ട്ടുകളെച്ചൂണ്ടി സന്ദീപ് വാര്യര്‍ക്കും സുരേന്ദ്രന്റെ പരിഹാസം. ബിജെപിയുടെ 27 ജില്ലാ കമ്മിറ്റികളില്‍ മൂന്നിടത്ത് പ്രസിഡന്റുമാര്‍ ക്രൈസ്തവരാണെന്ന് പ്രത്യേകം എടുത്ത് പറഞ്ഞ്.. ഞങ്ങള്‍ ഹിന്ദുപാര്ട്ടിയല്ല, മതേതരപ്പാര്ട്ടിയാണെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. വര്ഗീയപ്പാര്ട്ടിയയാത് കൊണ്ടാണ് ഈ വിധം ജാതിക്കണക്ക് വിളിച്ച് പറയുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്റെ വിമര്‍ശനം. ടോക്കിങ് പോയ്ന്റില്‍ ചോദ്യങ്ങളിതാണ്. പാലക്കാട് ബിജെപിയില്‍ എല്ലാം ഔദ്യോഗികപക്ഷ വരുതിയിലായോ ? പുകച്ചില്‍ എക്കാലത്തേക്കും അടങ്ങിയോ ? ജില്ലാ അധ്യക്ഷരുടെ ജാതിയും മതവുമെണ്ണിയാല് മതേതരപ്പാര്ട്ടിയായോ ?