വിറയലോടെ കയ്യിൽ മൈക്ക് പിടിച്ച് സിനിമാ പ്രൊമോഷൻ പരിപാടിയിൽ സംസാരിച്ച നടൻ വിശാലിനെ വിഡിയോ കഴിഞ്ഞ ദിവസം ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. വിശാലിന്‍റെ ആരോഗ്യ സ്ഥിതിയെ പറ്റിയായിരുന്നു സമൂഹ മാധ്യമത്തിലെ ചര്‍ച്ച. ഏറെ നാളായി മുടങ്ങി കിടന്ന മദ ഗജ രാജയുടെ പ്രീ-റിലീസ് ചടങ്ങിലാണ് രോഗാതുരനായി വിശാലിനെ കണ്ടത്.
വേദിയില്‍ ആരാധകരോട് സംസാരിക്കാന്‍ ശ്രമിക്കവേ പലവട്ടം വിശാലിന് നാക്കുകുഴയുന്നുണ്ടായിരുന്നു. മൈക്ക് പിടിച്ച് സംസാരിക്കാന്‍ വിശാല്‍ ശ്രമിക്കുന്നുണ്ടെങ്കിലും ശാരീരികബുദ്ധിമുട്ടുകള്‍ അദ്ദേഹത്തെ കൂടുതല്‍ അസ്വസ്ഥനാക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിന് ശേഷം വിശാലിനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ ബുള്ളറ്റിന്‍ പ്രകാരം വൈറല്‍ പനിയാണ് താരത്തിന് ബാധിച്ചിരിക്കുന്നത്. പൂര്‍ണമായ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. കൂടുതല്‍ ദിവസം ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുമെന്നാണ് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചത്.
സി.സുന്ദര്‍ സംവിധാനം ചെയ്ത 'മദ ഗജ രാജ' 2012ല്‍ ചിത്രീകരണം പൂര്‍ത്തിയായിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയടക്കം പലകാരണങ്ങള്‍കൊണ്ടും റിലീസ് നീണ്ടുപോകുകയായിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രം തിയറ്ററുകളിലെത്തുകയാണ്. വിശാൽ ഫിലിം ഫാക്ടറിയും ജെമിനി ഫിലിം സർക്യൂട്ടും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം. അഞ്ജലിയും വരലക്ഷ്മി ശരത്കുമാറുമാണ് ചിത്രത്തിലെ നായികമാര്‍. സോനു സൂദാണ് സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.