പൊങ്കല്‍ റിലീസായ വിശാല്‍ ചിത്രം മദ ഗജ രാജ തമിഴ്നാട്ടില്‍ വമ്പന്‍ ഹിറ്റ്. 12 വര്‍ഷത്തിന് ശേഷം തിയറ്ററിലെത്തിയ ചിത്രം വര്‍ഷങ്ങള്‍ക്കിപ്പുറവും ആരാധകരുടെ മനംകവരുന്നു എന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ട്. സിനിമ ഇറങ്ങി ആറു ദിവസത്തിന് ശേഷം 27.75 കോടി രൂപയാണ് ചിത്രത്തിന് തമിഴ്നാട്ടില്‍ നിന്നുള്ള കളക്ഷന്‍. ആദ്യ ദിനം 3.20 കോടി വാരിയ ചിത്രത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
രണ്ടാം ദിനം 3.30 കോടി കളക്ഷന്‍ നേടി മദ ഗജ രാജ മൂന്നാ ദിവസം 6.65 കോടിയോടെ കളക്ഷന്‍ ഇരട്ടിയാക്കി. നാലാം ദിവസവും അഞ്ചാം ദിവസവും 7 കോടിക്ക് മുകളിലാണ് മദ ഗജ രാജയുടെ കളക്ഷന്‍.
ആകെ 27.75 കോടി രൂപയാണ് തമിഴ്നാട്ടില്‍ നിന്നും ചിത്രം ഇതുവരെ നേടിയത്. 15 കോടിയോളം ബജറ്റിലാണ് ചിത്രം ഒരുക്കിയതെന്നാണ് വിവരം. ഇതിനോടകം തന്നെ 27 കോടിക്ക് മുകളില്‍ നേടിയ ചിത്രം ബോക്സ്ഓഫീസ് വിജയമാണ്.
മദ ഗജ രാജ 2013ലെ പൊങ്കൽ റിലീസ് ആയി പദ്ധതിയിട്ടെങ്കിലും നടന്നില്ല. അന്ന് പൊങ്കല്‍ റിലീസായി വിശാലിന്‍റെ സമര്‍ എന്ന ചിത്രമാണ് എത്തിയത്. പിന്നീട് 2013 സെപ്റ്റംബറില്‍ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും നിർമാണക്കമ്പനിക്കെതിരായ കേസിനെ തുടര്‍ന്നാണ് റിലീസ് പ്രതിസന്ധിയിലായത്.
സുന്ദർ സി സംവിധാനം ചെയ്യുന്ന വിശാല്‍ നായകനായ ചിത്രത്തിൽ അഞ്ജലി, വരലക്ഷ്മി ശരത്കുമാർ സന്താനം, സോനു സൂദ്, മണിവര്‍ണ്ണൻ, സുബ്ബരാജു, നിതിൻ സത്യ, സദഗോപ്പൻ രമേഷ്, മുന്ന സൈമൺ, ജോൺ കോക്കൻ എന്നിവാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിശാൽ ഫിലിം ഫാക്ടറിയും ജെമിനി ഫിലിം സർക്യൂട്ടും ചേർന്നാണ് ചിത്രത്തിന്‍റെ നിർമാണം.