എമ്പുരാൻ സിനിമക്ക് തെലുങ്കിൽ എന്തിന് ഇത്ര ഹൈപ്പ് നല്‍കുന്നുവെന്ന മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി മോഹൻലാലും സംവിധായകൻ പൃഥ്വിരാജ് സുകുമാരനും. സിനിമയെ ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതെ സ്വീകരിക്കുന്നവരാണ് നമ്മളെന്നായിരുന്നു ലാലേട്ടന്‍റെ മറുപടി. സലാർ, കെ.ജി.എഫ് 2 തുടങ്ങിയ തെലുങ്ക് ചിത്രങ്ങൾ മലയാളത്തിൽ വിതരണം ചെയ്തത് തന്റെ നിർമാണക്കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് ആണെന്നായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.
ആന്ധ്രയിലും തെലങ്കാനയിലും ‘എമ്പുരാൻ’ വിതരണം ചെയ്യുന്ന നിർമാതാവ് ദിൽരാജുവിനോടാണ് ഒരു മലയാള സിനിമയ്ക്ക് ഇത്ര ഹെപ്പ് വേണോ എന്ന ചോദ്യം ഉയർന്നത്. ഈ ചോദ്യത്തിന് ദിൽരാജുവും മോഹന്‍ലാലും പൃഥ്വിരാജും മറുപടി നല്‍കുകയായിരുന്നു. വലിയ കയ്യടികളോടെയാണ് മറുപടികളെ ആരാധകര്‍ സ്വീകരിച്ചത്.
'എല്ലാ സംസ്ഥാനത്തുള്ള സിനിമകളെയും ഒരുപോലെ സ്വീകരിക്കുന്ന പതിവാണ് നമുക്കുള്ളത്. പുഷ്പയുടെ റിലീസിന് ഞാൻ പോയിരുന്നു. മനോഹരമായ സാഹോദര്യം ഉള്ള മേഖലയാണ് സിനിമ ഇൻഡസ്ട്രി. ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതെ നമുക്ക് ഒരുമിച്ച് മനോഹരമായ സിനിമകൾ സൃഷ്ടിക്കാം' എന്നാണ് മോഹൻലാൽ പറഞ്ഞത്.
'മാഡം, ഞാൻ ആണ് കേരളത്തിൽ സലാർ വിതരണം ചെയ്തത്, എന്റെ പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് കേരളത്തിൽ കെജിഎഫ് 2 വിതരണം ചെയ്തത്. മലയാളം തെലുങ്ക് എന്നിങ്ങനെ ഭാഷാഭേദം ഇല്ലാതെ ഗ്ലോബൽ സിനിമ എന്ന കൺസെപ്റ്റുമായി നമുക്ക് മുന്നോട്ട് പോകാം' എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.