ബോക്‌സ് ഓഫീസില്‍ ആയിരം കോടിയില്‍ പ്രവേശിച്ച ഏറ്റവും പ്രായം കുറഞ്ഞ സംവിധായകന്‍ അറ്റ്ലിയും ലോകമെമ്പാടും ആരാധകരുള്ള സൂപ്പര്‍താരം അല്ലു അര്‍ജുനും വന്‍കിട നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സും കൈകോര്‍ക്കുന്നു. അല്ലു അര്‍ജുന്റെ പിറന്നാള്‍ ദിനത്തിലാണ് ആരാധകരെ ആവേശഭരിതരാക്കിയുള്ള വമ്പന്‍ പ്രഖ്യാപനം. സോഷ്യല്‍ മീഡിയ പേജിലൂടെ രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയാണ് സണ്‍ പിക്‌ചേഴ്‌സ് റിലീസ് ചെയ്തത്.
ലോകോത്തര നിലവാരമുള്ള ഒരു ഇന്ത്യന്‍ സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നുവെന്ന് അനൗണ്‍സ്മെന്‍റ് വിഡിയോ തന്നെ വ്യക്തമാക്കുന്നു. സ്റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുനും സംവിധായകന്‍ അറ്റ്‌ലിയും നിര്‍മാതാവായ കലാനിധിമാരനും ചെന്നൈയില്‍ ഒത്തുകൂടി. തുടര്‍ന്ന് മൂവരും വിവിധ രാജ്യങ്ങളിലെത്തി ചിത്രത്തിന്‍റെ സാങ്കേതിക പ്രവര്‍ത്തകരുമായി കൂടികാഴ്ച നടത്തുന്നു. അവര്‍ ചിത്രത്തെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നു. എല്ലാം അനൗണ്‍സ്മെന്‍റ് വീഡിയോയില്‍ കാണാം.
അമേരിക്കയിലെ ലോലാ വിഎഫ്എക്‌സ്, സ്‌പെക്ട്രല്‍ മോഷന്‍ യുഎസ്എ, ഫ്രാക്‌ചേര്‍ഡ് എഫ്എക്‌സ്, ഐഎല്‍എം ടെക്‌നോപ്രോപ്‌സ്, അയണ്‍ ഹെഡ് സ്റ്റുഡിയോ, ലെഗസി എഫക്ട്‌സ് എന്നീ സ്ഥാപനങ്ങളാണ് സണ്‍ പിക്‌ചേഴ്‌സ് ഒരുക്കുന്ന ഈ ചിത്രത്തില്‍ അറ്റ്‌ലിയോടൊപ്പം സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. അറ്റ്‌ലീ - അല്ലു അര്‍ജുന്‍ പടം ആഗോള പ്രേക്ഷകരെ ആകര്‍ഷിക്കുമെന്നുറപ്പ്. സിനിമയുടെ അനൗണ്‍സ്മെന്‍റ് വീഡിയോ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അല്ലു അര്‍ജുന്റെ 22-ാമത്തേയും സംവിധായകന്‍ അറ്റ്‌ലിയുടെ ആറാമത്തേയും ചിത്രമാണിത്.