മലയാള നാടിനും മലയാളികള്‍ക്കും ഓണസര്‍പ്രൈസുമായി തലൈവര്‍ രജനികാന്തും 'കൂലി' ടീമും. മുണ്ടും ഷര്‍ട്ടും ധരിച്ച് തനി മലയാളിയായി നൃത്തം ചെയ്യുന്ന വിഡിയോ പുറത്തുവിട്ടാണ് താരം മലയാളി ആരാധകർക്ക് വൻ സർപ്രൈസ് ഒരുക്കിയത്. പുറത്തിറങ്ങാനിരിക്കുന്ന വേട്ടൈയ്യന്‍ എന്ന തന്‍റെ ചിത്രത്തിലെ 'മനസിലായോ' എന്ന പാട്ടിനൊപ്പം ചുവടുവയ്ക്കുന്ന രജനിയെയാണ് വിഡിയോയില്‍ കാണുന്നത്. കൂലി എന്ന ലോകേഷ് കനകരാജ് ചിത്രത്തിന്റെ സെറ്റിൽ നിന്നും ചിത്രീകരിച്ച റീൽസ് വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
വേട്ടൈയ്യനിലെ ഗാനം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. അനിരുദ്ധ് സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വിഡിയോ പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കകം തന്നെ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചു. രജനിക്കൊപ്പം പ്രധാനവേഷത്തിലെത്തുന്നത് മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരാണ്. ഇരുവരുടെയും നൃത്തരംഗത്തിന്‍റെ ചില ദൃശ്യങ്ങളും ഇതിനോടകം വൈറലായി കഴിഞ്ഞു. മലയാളവും തമിഴും കലര്‍ന്ന തരത്തിലാണ് പാട്ട് ഒരുക്കിയിരിക്കുന്നത്.
ഓണം കളറാക്കാന്‍ അതേ പാട്ടിന് തന്നെ രജനി വീണ്ടും ചുവടുവെച്ചു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ കൂലിയുടെ സെറ്റിലാണ് രജനി തനി മലയാളിയായി തന്‍റെ തന്നെ ചിത്രത്തിലെ പാട്ടിനൊത്ത് ചുവടുവെച്ചത്. രജനിക്കൊപ്പം കൂലി സിനിമാ സെറ്റിലെ അണിയറ പ്രവര്‍ത്തകരും പങ്കുചേരുന്നതും വിഡിയോയില്‍ കാണാം. 'കൂലിയുടെ സെറ്റിൽ നിന്ന് ഗംഭീരമായി ഓണം ആഘോഷിക്കുന്ന സൂപ്പർ താരം', എന്ന കുറിപ്പുമായാണ് സൺ പിക്ചേഴ്സ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. നടന്‍ സത്യരാജും രജനികാന്തും ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കൂലി. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.