pathan-makeba

ദീപിക പദുക്കോണിന്റെ വസ്ത്രധാരണത്തിന്റെ പേരിൽ വിവാദത്തിൽപ്പെട്ട പത്താനിലെ പാട്ട് യൂട്യൂബിൽ റെക്കോർഡുകൾ തകർക്കുകയാണ്. സമൂഹമാധ്യമങ്ങളില്‍ ട്രെൻഡിങിൽ തുടരുന്ന ഗാനം വലിയ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിലും പുറത്തും സൃഷ്ടിക്കുന്നത്. പാട്ടിൽ ദീപിക ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറം പ്രതിഷേധാർഹമാണെന്നും ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും ആരോപിച്ച് വിവിധ സംഘടനകളും മന്ത്രിയടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. 

 

എന്നാല്‍ ഇതിനുപുറമെ, ബേഷറം രംഗ് എന്ന് തുടങ്ങുന്ന ഗാനം മറ്റു പല ഗാനങ്ങളുടെയും കോപ്പിയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ വരുന്ന പ്രതികരണം.  2016ല്‍ പുറത്തിറങ്ങിയ ഫ്രെഞ്ച് ഗായികയായ ജെയിനിന്റെ 'മക്കബ' എന്ന ഗാനവുമായി ബേഷറം രംഗിന് സാമ്യമുണ്ടെന്നാണ് സമൂഹമാധ്യമങ്ങളില്‍ ചിലരുടെ കണ്ടെത്തൽ. ലീവൈസ്, മിറ്റ്സുബിഷി തുടങ്ങിയ ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലും അമേരിക്കന്‍ ഡാഡ് എന്ന സീരീസിലുമടക്കം ഉപയോഗിച്ച ഈ ഗാനത്തിന് ഏറെ ജനപ്രീതി ലഭിച്ചിരുന്നു. 

 

മക്കബയെ കൂടാതെ, 2019ല്‍ പുറത്തിറങ്ങിയ വാര്‍ എന്ന ചിത്രത്തിലെ ഗുന്‍ഗ്രൂ എന്ന ഗാനവുമായും, 2001ല്‍ പുറത്തിറങ്ങിയ തും ബിന്‍ എന്ന ചിത്രത്തിലെ കോയി ഫാരിയാദ് എന്ന പാട്ടുമായും സാമ്യമുള്ളതായും ചിലര്‍ പറയുന്നു. പാട്ടിന്‍റെ ദൃശ്യങ്ങളും ഗുന്‍ഗ്രു, റേസ് 2 തുടങ്ങിയവയായി സാമ്യമുണ്ടെന്നും പറയുന്നവരുണ്ട്. പത്താന്റെ ടീസർ "ക്യാപ്റ്റൻ അമേരിക്ക: ദി വിന്റർ സോള്‍ജിയർ" എന്നതിന്റെ കോപ്പിയാണെന്ന് മുമ്പ് പലരും ചൂണ്ടിക്കാട്ടിയിരുന്നു. ശിൽപ റാവു, കരാലിസ മൊണ്ടേരിയോ, വിശാൽ, ശേഖർ എന്നിവർ ചേർന്നാലപിച്ച ‘ബേഷറം രംഗ്’ എന്ന ഗാനത്തിന്‍റെ സംഗീത സംവിധാനം വിശാലും ശേഖറും ചേര്‍ന്നാണ്.  ഋതിക് റോഷന്റെ സൂപ്പർഹിറ്റ് ചിത്രം ‘വാറി’നു ശേഷം സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.