പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരില്‍ കാണാന്‍ അവസരം കിട്ടിയാല്‍ അദ്ദേഹത്തോട് ചോദിക്കണം എന്ന് തോന്നുന്ന മൂന്ന് ചോദ്യങ്ങള്‍ പറയാമോ? ഒരു തമിഴ് മാധ്യമത്തിന് അഭിമുഖം നല്‍കുന്നതിനിടെ പ്രകാശ് രാജിനോടുള്ള ചോദ്യം. ഇല്ല, എനിക്ക് അദ്ദേഹത്തെ കാണാന്‍ പോലും താല്‍പര്യമില്ല. താരത്തിന്റെ ഉടനടിയുള്ള മറുപടി. ചിരിയോടെ ആ അവതാരകന്‍ വീണ്ടും ചോദിച്ചു. ഏതെങ്കിലും ഒരു ചോദ്യം ചോദിച്ചുകൂടെ‍. ശരി, മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍, നിങ്ങള്‍ ചായക്കടക്കാരന്‍ ആയിരുന്നെന്ന് പറയുന്നുണ്ടല്ലോ. ഒരു ചായ എങ്കിലും നിങ്ങള്‍ക്ക് നന്നായി ഇടാന്‍ അറിയാമോ എന്ന് ഞാന്‍ ചോദിക്കും. മൂര്‍ച്ചയുള്ള വാക്കുകളാണ് വെള്ളിത്തിരയ്ക്ക് പുറത്ത് പ്രകാശ് രാജിനെ വ്യത്യസ്ഥനാക്കുന്നത്. ഇത്രമാത്രം രൂക്ഷമായി ബിജെപിക്കെതിരെയും മോദിക്കെതിരെയും പരസ്യമായി തുറന്നടിക്കുന്ന മറ്റൊരു നടന്‍ ഇന്ത്യന്‍ സിനിമാലോകത്ത് തന്നെ കാണില്ല. ഏഴുഭാഷകള്‍ മനോഹരമായി കൈകാര്യം ചെയ്യുന്ന, അഭിനയത്തിലും വ്യക്തിജീവിതത്തിലും ധൈര്യവും തന്റേടവും നിലപാടും മുഖമുദ്രയാക്കിയ കലാകാരന്‍. പ്രകാശ് റായ് എന്ന പ്രകാശ് രാജ്.

 

പ്രളയത്തിൽ മുങ്ങിയ സംസ്ഥാനത്തിന് നല്‍കിയത് 600 കോടി, പ്രതിമയ്ക്കായി ചെലവിട്ടത് 3000 കോടി. ഇത് ചോദ്യം ചെയ്യുക തന്നെ ചെയ്യും, രണ്ട് ഇന്ത്യയിൽ നിന്നാണു ഞാന്‍ വരുന്നത്. അതിൽ കേരളം ‍ഉൾപ്പെടുന്ന ഇന്ത്യയിലെത്തുമ്പോഴാണു സ്വതന്ത്രമായി ശ്വസിക്കാൻ സാധിക്കുന്നത്. ആദ്യത്തേത് സാന്താക്ലോസ് മൂർദാബാദ് എന്ന് ആക്രോശിക്കുന്ന വിഡ്ഢികളുടെ ഇന്ത്യ. രണ്ടാമത്തെ ഇന്ത്യ കേരളം ഉൾപ്പെടുന്നതാണ്. കേരളത്തില്‍ ബിജെപിക്കുണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെട്ടപ്പോള്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു: ദൈവത്തിന്‍റെ സ്വന്തം നാട്, ചെകുത്താനെ ചവിട്ടി പുറത്താക്കിയിരിക്കുന്നു, അഭിനന്ദനം. ഇതാണ് പ്രകാശ് രാജിന്റെ രാഷ്ട്രീയം. ബിജെപി–മോദി–ഷാ വിരുദ്ധനാണ് താനെന്നും ഒരിക്കലും ഹിന്ദു വിരുദ്ധനായി തന്നെ കാണരുതെന്നും അദ്ദേഹം തുറന്നു പറയും.നിലപാടുകളുടെ കാര്‍ക്കശ്യമാണ് അദ്ദേഹത്തെ വ്യത്യസ്ഥനാക്കുന്നത്. ഇങ്ങനെ ഒരാളായി അദ്ദേഹത്തെ മാറ്റിയത് മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ ശരീരത്തിലേക്ക് തുളച്ചുകയറി അവരുടെ ജീവനെടുത്ത ബുള്ളറ്റുകള്‍ കൂടിയാണ്. കാരണം മുപ്പതാണ്ടിന് മുകളില്‍ സൗഹൃദമുണ്ടായിരുന്ന പ്രിയ കൂട്ടുകാരിയുടെ ജീവനെടുത്ത ആശയത്തോട് പ്രകാശ് രാജിന് കലിയായി. ഗൗരിക്കായി അദ്ദേഹം ശബ്ദമുയര്‍ത്തി. എഴുതുന്ന വാക്കുകളിലും ജനക്കൂട്ടത്തോട് സംസാരിക്കുമ്പോഴും ഗൗരി പ്രകാശമായി നിറഞ്ഞു. സംഘപരിവാറിനെതിരെ അദ്ദേഹം ശബ്ദിച്ചുെകാണ്ടേയിരുന്നു. ഇന്നും അത് തുടരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബെംഗളൂരു സെന്‍ട്രലില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും മൂന്നാമനായപ്പോഴും അദ്ദേഹം തളര്‍ന്നില്ല. ഇന്നും വേദികളില്‍, ചാനല്‍ ക്യാമറയ്ക്ക് മുന്നില്‍ ഗൗരിയുടെ ജീവനെടുത്ത ആശയങ്ങളോട് കലഹിച്ചുെകാണ്ടിരിക്കുന്നു അദ്ദേഹം. അതുകൊണ്ട് നഷ്ടപ്പെടുന്നതെല്ലാം പോട്ടെയെന്ന് വയ്ക്കാനുള്ള ഉറപ്പും അദ്ദേഹത്തിനുണ്ട്. ഗൗരിയുടെ ജീവനെടുത്ത തോക്കുകള്‍ തന്നെ തേടിവന്നാലും പറയാന്‍ ഉള്ളത് പറഞ്ഞു െകാണ്ടേയിരിക്കും എന്ന് പ്രകാശ് രാജ് ആവര്‍ത്തിക്കുന്നത് ഉള്ളിലെരിയുന്ന കനലിന്റെ തെളിവാണ്.

‘ഉന്നോട്  നാൻ  ഇരുന്ത ഓവ്വോരു  മണിതുള്ളിയും മരണ പടുക്കയിലും മറക്കാത് കണ്മണിയെ...തൊണ്ണൂറ്  നിമിടങ്കൾ തൊട്ടണെയ്ത്ത  കാലം  താൻ എണ്ണൂറു ആണ്ടുകളായ് ഇദയത്തിൽ  കലങ്കുതടി, പാർവയിലെ  സില  നിമിടം...ഭയത്തോട്  സില  നിമിടം...കട്ടിയണെയ്തപടി കണ്ണീരിൽ  സില  നിമിടം... ഇലക്കനമേ  മാറാമൽ എല്ലാ  ഇടങ്കളിലും മുത്തങ്കൾ  വിതൈത്ത മോഹത്തിൽ സില  നിമിടം...ഉന്നോട് നാൻ ഇരുന്താ ഓവ്വോരു മണി തുളിയും മരണ പടുക്കയിലും മറക്കാത് കൺമണിയെ..’ കറങ്ങുന്ന ഒറ്റഷോട്ടില്‍ പ്രണയവും രതിയും ജീവിതവും അവളുടെ മുടിയോട് ചേര്‍ന്ന് കിടന്ന് പറയുന്ന തമിഴ് സെൽവൻ, ഞാന്‍ ആരാണ് എന്ന് അവള്‍ ചോദിക്കുമ്പോള്‍, അവളുടെ കണ്ണിന്റെ ആഴങ്ങളിലേക്ക് പ്രണയം നിറച്ച മുഖവുമായി കണ്ണിമവെട്ടാതെ ശബ്ദത്തിന്റെ കയറ്റിറക്കങ്ങളോടെ അയാള്‍ പറയുന്നുണ്ട്. എന്‍ കാതലി, എന്‍ കണ്‍മണി, എന്‍ സ്നേഹിതി.. അങ്ങനെ ഭാവം െകാണ്ട് രൂപം െകാണ്ട് ശബ്ദം െകാണ്ട് ചിരിപ്പിച്ച, വേദനിപ്പിച്ച, ഇഷ്ടം തോന്നിപ്പിച്ച, പ്രണയിപ്പിച്ച, വെറുപ്പുതോന്നിപ്പിച്ച പല  കഥപാത്രങ്ങളുടെ അമരക്കാരന്‍.

 

കന്നഡ ദൂരദർശൻ സീരിയലുകളിലൂടെയായിരുന്നു തുടക്കം, നാടകങ്ങളില്‍ അരങ്ങുവാണ കാലം, ഏതാനും കന്നഡ ചിത്രങ്ങളിലും ചെറുവേഷങ്ങളില്‍ മുഖം കാണിച്ചു, വീട്ടില്‍ അമ്മയുടെ ചെല്ലക്കുട്ടിയായ പ്രകാശ് റായ്. നല്ല വേഷത്തിനായി കന്നഡ ചലച്ചിത്ര സംവിധായകരുടെ പിന്നാലെ നടന്ന് മടുത്തപ്പോള്‍, 140 രൂപയുമായി ചെന്നൈയ്ക്ക് വണ്ടി കയറി. കമല്‍ഹാസനെയും രജനികാന്തിനെയും തെന്നിന്ത്യയ്ക്ക് സമ്മാനിച്ച കെ.ബി സാര്‍ എന്ന് തമിഴകം ബഹുമാനപൂര്‍വം വിളിക്കുന്ന കെ. ബാലചന്ദറിന്റെ മുന്നിലെത്തി. ആ യുവാവിന്റെ കണ്ണുകളും അഭിനയത്തോടുള്ള ആവേശവും കണ്ട കെ.ബി സാര്‍ ഡ്യൂയറ്റ്’ എന്ന ചിത്രത്തില്‍ അവസരം നല്‍കി. ശിവാജി റാവു ഗെയ്ക്​വാദിനെ രജനികാന്താക്കി മാറ്റിയ കെ. ബാലചന്ദര്‍ തന്നെ പ്രകാശ് റായ്​യിലെ റായ് എടുത്തുമാറ്റി അവിടെ രാജ് എന്ന് ചേര്‍ത്തു. അങ്ങനെ പ്രകാശ് രാജായി നടിപ്പിന്‍ കാലം പുതിയ പ്രയാണം തുടങ്ങി.  കാവേരി തർക്കം മൂർധന്യത്തിൽ നിൽക്കുന്ന സമയത്താണ് കെ. ബാലചന്ദറിന്റെ ‘ഡ്യൂയറ്റ്’ എന്ന ചിത്രം റിലീസ് ചെയ്‌തത്. അതു കൊണ്ട് ബാലചന്ദർ ബുദ്ധിപൂർവം പ്രകാശ് റായ് എന്ന പേര് പ്രകാശ് രാജ് ആക്കുകയായിരുന്നു എന്നാണ് പിന്നിലെ കഥ. കന്നഡക്കാരനാണെന്ന് പെട്ടെന്ന് തിരിച്ചറിഞ്ഞാൽ തമിഴർക്ക് ഇഷ്‌ടപ്പെട്ടില്ലെങ്കിലോ എന്ന ഭീതി. കാലം കടന്നപ്പോള്‍ ആ പേരുകാരന്‍ രാജ്യമെങ്ങും െപാന്നുംവിലയുള്ള നടനായി. നിലപാടുള്ള മനുഷ്യനായി. ഏഴുഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന നടന്‍, ആറുഭാഷകളില്‍ സ്വന്തം ശബ്ദത്തില്‍ തന്നെ ഡബ്ബ് ചെയ്യുന്ന നടന്‍. അഞ്ചുതവണ രാജ്യം ദേശീയ പുരസ്കാരം നല്‍കി ആദരിച്ച നടന്‍.‘ഡ്യൂയറ്റി’ൽ സജീവമായി തുടങ്ങിയ സിനിമാഭിനയം പിന്നീട് പലമൊഴികളിലേക്ക് നീണ്ടു. വില്ലന്മാരോട് ഇഷ്ടം തോന്നാത്ത പ്രേക്ഷകന് പ്രകാശ് രാജ് വില്ലനായാല്‍ അത് ചെല്ലമാണ്. ഏയ് ചെല്ലം എന്ന ഒറ്റവിളി മതി വില്ലത്തരം മറന്ന് ഇഷ്ടപ്പെടാന്‍, റൊമാന്‍സ് വരുന്നെടാ എന്ന് പറഞ്ഞ പാണ്ടിധുര അണ്ണനെ മലയാളിയും ഇഷ്ടപ്പെട്ടുപോയി. ഞാന്‍ എംജിആറെ പാത്തിരുക്കേ ശിവാജിയെ പാത്തിരുക്കേ രജനിയെ പാത്തിരുക്കേ, കമലിനെ പാത്തിരുക്കേ  ഉന്നെ മാതിരി ഒരു നടനെ പാത്തതേ ഇല്ലെടാ എന്ന് പറയുമ്പോള്‍ തന്നെ ആ മുഖത്ത് നോക്കി ആ ഡയലോഗ് തിരിച്ചുപറയാന്‍ സിനിമ കാണുന്നവനും തോന്നുന്ന ഇടത്താണ് പ്രകാശ് രാജ് അവിഭാജ്യ ഘടകമാകുന്നത്. അദ്ദേഹത്തിന് മാറ്റിവച്ച വേഷങ്ങളില്‍ മറ്റാരെയും സങ്കല്‍പ്പിക്കാന്‍ തോന്നാത്തതും ഈ നടന്റെ വിജയമാണ്. ആരൊക്കെ എതിര്‍ത്താലും വിലക്കിയാലും വീണ്ടും വീണ്ടും അദ്ദേഹത്തിന് മുന്നില്‍ സിനിമ വന്ന് വിളിക്കും. കാരണം പകരക്കാരനെ കണ്ടെത്താന്‍ കഴിയാത്തതുെകാണ്ട് തന്നെ. നടനായും നിര്‍മാതാവായും സംവിധായകനായും സിനിമയ്ക്കൊപ്പം അദ്ദേഹം സഞ്ചരിച്ചുെകാണ്ടിരിക്കുന്നു.

‘ആശൈ’ എന്ന ചിത്രത്തിൽ ഭാര്യയുടെ അനുജത്തിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നയാളെ അവതരിപ്പിച്ചപ്പോൾ പ്രകാശ് രാജിന് വില്ലൻ മുദ്ര വീണു. പിന്നാലെ വില്ലന്‍വേഷങ്ങളില്‍ ആറാട്ട്.‘അറിന്തും അറിയാമലും’ എന്ന ചിത്രം മറ്റൊരു ഉദാഹരണം. ‘എം. കുമരൻ സൺ ഓഫ് മഹാലക്ഷ്‌മി’ എന്ന ചിത്രത്തിലും വില്ലനെന്നു തോന്നിപ്പിക്കുന്ന വിധത്തിലാണ് പ്രകാശ് രാജിനെ അവതരിപ്പിക്കുന്നതെങ്കിലും പിന്നീട് കാണികളുടെ സ്‌നേഹം പിടിച്ചുവാങ്ങുന്ന കഥാപാത്രമാവുന്നു പ്രകാശ് രാജിന്റേത്. 1998ൽ പുറത്തിറങ്ങിയ ഇരുവർ എന്ന മണിരത്നം ചിത്രം മാത്രം മതി പ്രകാശ്രാജിനെ അഭിനയ ചരിത്രത്തിൽ അടയാളപ്പെടുത്താൻ. തമിഴ് സിനിമയും രാഷ്‌ട്രീയവും അടക്കി വാണ എംജിആറും കരുണാനിധിയും തമ്മിലുള്ള അടുപ്പത്തിന്റെയും അകൽച്ചയുടെയും അണിയറക്കഥ പറഞ്ഞ ചിത്രത്തിൽ കരുണാനിധിയുടെ വേഷമായിരുന്നു അദ്ദേഹത്തിന്. എംജിആറിനെ അവതരിപ്പിച്ചതു മോഹൻലാലും. കരുണാനിധിയുടെ വേഷം മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരമാണു പ്രകാശ് രാജിനു സമ്മാനിച്ചത്.പ്രിയദർശൻ ഒരുക്കിയ കാഞ്ചീവരത്തിലെ ഇടതുപക്ഷ ആഭിമുഖ്യമുള്ള, കടക്കെണിയിൽ കുടുങ്ങിയ നെയ്‌ത്തുകാരന്റെ വേഷം പ്രകാശ് രാജ് അവിസ്‌മരണീയമാക്കി.മോഹന്‍ലാലിനു വേണ്ടി പ്രിയൻ ഒരുക്കിയ കഥാപാത്രമായിരുന്നു ‘കാഞ്ചീവര’ത്തിലെ വെങ്കിടം. എന്നാൽ, തിരക്കുകൾ മൂലം ലാൽ കൈവിട്ട വേഷം പ്രകാശ്രാജിനെ തേടിയെത്തുകയായിരുന്നു. ഒടുവിൽ, മികച്ച നടനുള്ള ദേശീയ പുരസ്‌കാരത്തിന്റെ അവസാന ഘട്ട പോരാട്ടത്തിൽ അദ്ദേഹം പിന്തള്ളിയവരിൽ ഒരാൾ ലാലായരുന്നു; മറ്റൊരാൾ മമ്മൂട്ടിയും.ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി നിറയുമ്പോള്‍ വേദനിക്കുന്ന മനുഷ്യരെ ചേര്‍ത്തുപിടിക്കാന്‍ ആ കണ്ണിരൊപ്പാന്‍ തന്റെ സമ്പാദ്യത്തില്‍ നിന്ന് വലിയ ഭാഗം അദ്ദേഹം മാറ്റിവയ്ക്കുന്നു ലോക്ഡൗണ്‍ സമയത്ത് കാല്‍നടയായി വീടെത്താന്‍ നടന്ന അതിഥി െതാഴിലാളികള്‍ക്ക് സ്വന്തം ഫാം ഹൗസ് തുറന്നുെകാടുത്ത, അവര്‍ക്ക് പണം നല്‍കി സഹായിച്ച കാഴ്ചകള്‍ അന്ന് ഏറെ ചര്‍ച്ചയായിരുന്നു. മകന്റെ മരണം, വിവാഹമോചനം,രണ്ടാം വിവാഹം, സുഹൃത്തിന്റെ കൊലപാതകം അങ്ങനെ സിനിമയ്ക്ക് അപ്പുറത്തും അദ്ദേഹം നേരിട്ടതും താണ്ടിയതും നോവിന്റെ കടലുകളായിരുന്നു.

 

ഒരു ക്ഷേത്രത്തിലെ പടിക്കല്ല് ദൈവത്തോട് ചോദിച്ചു. ഞാനും കല്ല് നീയും കല്ല്. എന്നെ എല്ലാവരും ചവിട്ടുന്നു നിന്നെ എല്ലാവരും കുമ്പിടുന്നു. ഇതെങ്ങനെ ശരിയാകും..? അപ്പോള്‍ ആ ദൈവക്കല്ല് പറഞ്ഞു. നീ വെറും രണ്ട് അടി െകാണ്ട് ചവിട്ടുകല്ലായി മാറി. ഞാന്‍ കണ്ണിന് 5000 അടി, മൂക്കിന് നാലായിരം അടി, ചെവിക്ക് രണ്ടായിരം അടി.. അങ്ങനെ ഈ രൂപത്തിലാവാന്‍ ഞാന്‍ െകാണ്ട അടിക്ക് കയ്യും കണക്കുമില്ല.. ഒരിക്കല്‍ പ്രകാശ് രാജ് പറഞ്ഞ കഥയാണ്. ഈ കഥ തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതവും. വന്ന് വീഴുന്ന ഓരോ കല്ലും തൊടുത്തുവിടുന്ന ഓരോ വാക്കും അദ്ദേഹത്തെ കൂടുതല്‍ പ്രകാശമുള്ളവനാക്കുന്നു. സിനിമയ്ക്കും അകത്തും പുറത്തും പ്രകാശ് രാജ് വേറെത്തന്നെ ഒരു ജന്‍മമാണ്. അധികമെവിടെയും കണ്ടുകിട്ടാത്ത തരം മനുഷ്യനാണ്. പല െമാഴിയില്‍ പല ഭാവത്തില്‍ പ്രകാശവേഗത്തില്‍ ഭാവങ്ങളെ തിരയില്‍ തെളിയിക്കുന്ന അസാമാന്യ നടന്‍. ഏത് തിരിച്ചടിയിലും സ്വന്തം വിശ്വാസപ്രമാണങ്ങളെ മുറുകെപ്പിടിക്കുന്ന നിലപാടുകളുടെ കരുത്തുമാണ് ഈ പ്രകാശരാജന്‍..!