kannursquadreview

കൊട്ടും കുരവയുമില്ലാതെ വന്ന് ത്രില്ലടിപ്പിച്ച് മമ്മൂട്ടിയും കണ്ണൂര്‍ സ്ക്വാഡും. അമിത പ്രതീക്ഷയില്ലാതെ കണ്ട പ്രേക്ഷകരും സൂപ്പര്‍ ഹാപ്പിയെന്നാണ് തിയറ്റര്‍ റിപ്പോര്‍ട്ട്. മമ്മൂട്ടിക്കമ്പനിയുടെ മൂന്നാം ചിത്രം. മമ്മൂട്ടി നിര്‍മിച്ച സിനിമകളില്‍ ഏറ്റവും ചെലവേറിയ സിനിമ ബോക്സോഫീസില്‍ ചലനം സൃഷ്ടിക്കുമെന്നാണ് ആദ്യദിന പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. പതിയെ നിറഞ്ഞ ആദ്യഷോകളില്‍ നിന്ന് വ്യത്യസ്തമായി വൈകുന്നേരമാകുമ്പോള്‍ മിക്ക തിയറ്ററുകളിലും എക്സ്ട്രോ ഷോകള്‍ ആഡ് ചെയ്യുകയാണ്.

റിലീസിന് മുന്നേയുള്ള പ്രമോഷനിലടക്കം മമ്മൂട്ടിയടക്കം താരങ്ങളും സിനിമയെക്കുറിച്ച് യാതൊരു അവകാശവാദങ്ങളും ഉയര്‍ത്തിയിരുന്നില്ല. പതിയെ തുടങ്ങുന്ന സിനിമ രണ്ടാം പകുതിയെത്തുമ്പോള്‍, ത്രില്ലടിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളിലേക്ക് കടക്കുന്നു. മമ്മൂട്ടി നയിക്കുന്ന കണ്ണൂര്‍ സ്ക്വാഡ് നടത്തുന്ന പാന്‍ ഇന്ത്യന്‍ യാത്രയും അന്വേഷണവുമാണ് പ്രമേയം. കേരള പോലീസ് അനുഭവിക്കുന്ന  യാതനകളും ഇല്ലായ്മകളും കൂടി സിനിമ പറഞ്ഞുവയ്ക്കുന്നു. 

മുൻ കണ്ണൂർ എസ്പി എസ്. ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും പ്രവർത്തനക്ഷമമായ ഒറിജിനൽ സ്ക്വാഡിൽ ആകെ ഒമ്പത് അംഗങ്ങളുണ്ട്. ഈ ചിത്രത്തിൽ നാല് പൊലീസ് ഓഫിസർമാരെ മാത്രം കേന്ദ്രീകരിച്ചാണു മുന്നോട്ടുള്ള യാത്ര. ചിത്രത്തിലൂടെ പ്രതിഭാധനനായ മറ്റൊരു പുതുസംവിധായകനെ കൂടി മമ്മൂട്ടി മലയാളത്തിന് സമ്മാനിക്കുന്നു:   റോബി വർഗീസ് രാജ്. റോബിയുടെ സഹോദരനും നടനുമായ റോണിയും മുഹമ്മദ്  ഷാഫിയും ചേര്‍ന്നാണ് എഴുത്ത്. 

റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് സ്‌ക്വാഡിലെ മറ്റ് അംഗങ്ങൾ.  വിജയരാഘവൻ, കിഷോര്‍ തുടങ്ങി നിരവധി താരങ്ങളും ഒപ്പമെത്തുന്നു. ‘നാനൂറു പടത്തിൽ നായകനായവന് അറിയാം, ഏത് പടത്തിനാണ് കാശ് മുടക്കേണ്ടതെന്ന്’ എന്നാണ് സിനിമയ്ക്കുള്ള ആരാധക കമന്‍റ്

kannur squad audience film review