നടന്‍ സല്‍മാൻ ഖാന്റെ വസതിക്കുനേരെ വെടിയുതിര്‍ത്ത രണ്ടുപേരെ അറസ്റ്റുചെയ്ത് മുംബൈ ക്രൈംബ്രാഞ്ച്. തിങ്കളാഴ്ച അര്‍ധരാത്രി ഗുജറാത്തിൽ ഭുജിൽ നിന്നാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഹാർ സ്വദേശികളായ വിക്കി സാഹബ് ഗുപ്ത, സാഗർ ശ്രീജോഗേന്ദ്ര പാൽ എന്നിവരാണ് അറസ്റ്റിലായത്. വെടിവയ്പ്പിനു ശേഷം ഇവർ മുംബൈയിൽ നിന്നും ഗുജറാത്തിലേക്ക് കടക്കുകയായിരുന്നു. പ്രതികളെ മുംബൈയിലെത്തിച്ച് തെളിവെടുക്കും.
ബാന്ദ്രയിലെ സല്‍മാൻ ഖാന്റെ വീടായ ഗാലക്സി അപ്പാര്‍ട്ട്മെന്റിനുനേരേ ഞായറാഴ്ച പുലര്‍ച്ചെ 4.55നാണ് രണ്ടംഗ സംഘം വെടിയുതിർത്തത്. സംഭവം നടക്കുമ്പോള്‍ സല്‍മാൻ ഖാൻ വീട്ടിലുണ്ടായിരുന്നു. ബൈക്കിലെത്തിയ സംഘം മൂന്നുതവണയാണ് വെടിയുതിർത്തത്. സംഭവത്തിനു പിന്നില്‍ ലോറന്‍സ് ബിഷ്ണോയ് സംഘമാണെന്നാണ് പൊലീസ് വിലയിരുത്തൽ.
ബിഷ്ണോയിയുടെ സംഘത്തെ നയിക്കുന്ന രാജസ്ഥാനിലെ രോഹിത് ഗോദരയാണ് ആസൂത്രകന്‍. സല്‍മാൻ ഖാന്‍ കൃഷ്ണമൃഗത്തിനെ വേട്ടയാടിയതാണ് ബിഷ്ണോയ് സംഘത്തിന്റെ വൈരാഗ്യത്തിനു കാരണം. പ്രതികള്‍ ഉപയോഗിച്ചെന്നു കരുതുന്ന ബൈക്ക് ബാന്ദ്രയിലെ മൗണ്ട് മേരി പള്ളിക്കു സമീപത്തുനിന്ന് നേരത്തെ കണ്ടെടുത്തിരുന്നു. ഇവരുടെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിരുന്നു.
Two shooters arrested for firing at Salman Khan's home.