ഹിറ്റുകള്‍ സൃഷ്ടിച്ച് മലയാള സിനിമയില്‍ കുതിപ്പ് തുടരുന്ന മമ്മൂട്ടിയെന്ന മഹാനടന്‍റെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. മെഗാ സ്റ്റാറിന്‍റെ ലാളിത്യം നിറഞ്ഞ സംസാരമാണ് വീഡിയോയെ വൈറലാക്കുന്നത്. ആയിരം അഭിനേതാക്കള്‍ക്കിടയില്‍ ഒരാള്‍ മാത്രമാണ് താനെന്നും രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കിപ്പുറം തന്നെയാരും ഓര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നുമാണ് താരം പറയുന്നത്.
ലോകം മമ്മുക്കയെ എങ്ങനെ ഓര്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു അവതാരകന്‍റെ ചോദ്യം എത്രകാലം എന്നെ ആളുകള്‍ ഓര്‍ക്കുമെന്ന മറുചോദ്യത്തിലൂടെയാണ് മമ്മുട്ടി അതിന് ഉത്തരം നല്‍കാന്‍ തുടങ്ങിയത്. ഒരു വര്‍ഷമോ പത്ത് വര്‍ഷമോ പതിനഞ്ച് വര്‍ഷമോ അവരെന്നെ ഓര്‍ക്കും. അത്രയുള്ളു. ലോകാവസാനം വരെ ആളുകള്‍ ഓര്‍ക്കുമെന്ന് പ്രതീക്ഷിക്കരുത്. ആരുടെ കാര്യത്തിലും അങ്ങനെ സംഭവിക്കില്ല. മഹാന്‍മാരായ മനുഷ്യരെപോലും കുറച്ചുകാലമേ ഓര്‍ക്കുകയുള്ളു. അതും വളരെ കുറച്ച് ആളുകള്‍ മാത്രം. ആയിരം അഭിനേതാക്കള്‍ക്കിടയില്‍ ഒരാള്‍ മാത്രമാണ് ഞാന്‍. അങ്ങനെയുള്ളപ്പോള്‍ ആളുകള്‍ എന്നെ എങ്ങനെ വര്‍ഷങ്ങളോളെ ഓര്‍ത്തുവെക്കും. അതിലെനിക്ക് ഒരു പ്രതീക്ഷയുമില്ല. നമ്മള്‍ ഈ ഭുമിയില്‍ ഇല്ലെങ്കില്‍ ആളുകളെങ്ങനെ നമ്മളെക്കുറിച്ച് അറിയും. എല്ലാവരും വിചാരിക്കുന്നത് ലോകാവസാനം വരെ അവരെ ആളുകള്‍ ഓര്‍ക്കുെമന്നാണ്, എന്നാല്‍ അതൊരിക്കലും സാധ്യമല്ല.
അഭിമുഖത്തിന് അവസാനം ഇതിന് മുന്‍പ് ഇത്തരം കാര്യങ്ങള്‍ ഏതെങ്കിലും അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടോ എന്ന് അവതാരകന്‍ ചോദിക്കുന്നുണ്ട്. ഇല്ലെന്നും ഇതാദ്യമായി ഞാന്‍ പറയുന്നത് താങ്കളോടാണെന്നും പുഞ്ചിരിയോടെയാണ് മമ്മുക്ക പറയുന്നത്.
ചില അഭിനേതാക്കള്‍ ഒരു പോയിന്‍റില്‍ എത്തുമ്പോള്‍ അഭിനയം മതിയാക്കാറുണ്ട്. എപ്പോഴെങ്കിലും അങ്ങനെ ഒരു പോയിന്‍റിലെത്തുമ്പോള്‍ അഭിനയം മതിയാക്കണമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മമ്മുട്ടി നല്‍കിയ ഉത്തരം ഇങ്ങനെയാണ്. 'ഇല്ല, എനിക്കൊരിക്കലും അഭിനയം മടുത്തിട്ടില്ല, എന്‍റെ അവസാന ശ്വാസം വരെയും മടുക്കുകയുമില്ല'.