ബോളിവുഡ് നടി രവീണ ടണ്ഡന്റെ കാര്‍ വയോധികയെ ഇടിച്ചെന്ന് ആരോപണമുയര്‍ന്നതിനു പിന്നാലെ നാടകീയ രംഗങ്ങള്‍. വയോധികയുടെ ബന്ധുക്കളുള്‍പ്പെടുന്ന സംഘം നടിയെ കയ്യേറ്റം ചെയ്യുന്ന തരത്തിലുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. വിഡിയോയില്‍ സ്ത്രീകള്‍ അടക്കമുള്ള സംഘം നടിയെ പിടിച്ചു തള്ളുകയും അടിക്കാന്‍ ശ്രമിക്കുന്നതുമെല്ലാം കാണാം.
ഫ്രീ പ്രസ് ജേണൽ റിപ്പോര്‍ട്ട് പറയുന്നത് ഇങ്ങനെയാണ്, രവീണയുടെ ഡ്രൈവർ അശ്രദ്ധമായി കാര്‍ ഓടിച്ചെന്ന് ആരോപിച്ചാണ് മുംബൈയിലെ കാർട്ടർ റോഡിലെ റിസ്‌വി കോളേജിൽ വച്ച് ഒരു സംഘം കാര്‍ തടഞ്ഞത്. വയോധികയെ മാത്രമല്ല മറ്റുമൂന്നു പേരെയും കാര്‍ ഇടിച്ചതായാണ് ആരോപണം. സ്ത്രീകൾ സംഘമായി നേരിട്ടെത്തിയപ്പോൾ രവീണ വന്ന് അവരുമായി സംസാരിക്കുകയായിരുന്നു . എന്നാല്‍ സംസാരിച്ചതിനു പിന്നാലെ കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയായിരുന്നു.
അതേസമയം നടുറോഡില്‍ കൂട്ടമായെത്തിയ സ്ത്രീകളോട് തന്നെ തല്ലരുതെന്നും പിടിച്ചു തള്ളരുതെന്നും പറയുന്നതും വിഡിയോയിലുണ്ട്. നടിയോട് ജയിലില്‍ കിടക്കേണ്ടി വരുമെന്ന് ചിലര്‍ പറയുന്നതും കേള്‍ക്കാം. വയോധികയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഈ സംഭവത്തോടും വാര്‍ത്തയോടും നടി രവീണ പ്രതികരിച്ചിട്ടില്ല.
എന്നാല്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. രവീണയുടെ ഡ്രൈവര്‍ കാര്‍ റിവേഴ്സ് ചെയ്യുകയായിരുന്നു. ഈ സമയം സമീപത്ത് കൂടി പോയ ഒരു കൂട്ടമാളുകള്‍ ബഹളം വച്ചുകൊണ്ട് അടുത്തേക്ക് വരികയായിരുന്നു. ആരേയും വണ്ടി ഇടിച്ചില്ല. ഇരുകൂട്ടരും സ്റ്റേഷനില്‍ വന്നിരുന്നു. എന്നാല്‍ പരാതി നല്‍കാന്‍ ഇരുകൂട്ടരും തയാറായില്ലെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം സംഭവസമയത്ത് രവീണ വീട്ടിലായിരുന്നുവെന്നും തന്‍റെ ഡ്രൈവറെ രക്ഷിക്കാനായാണ് അവിടേക്ക് എത്തിയതെന്നുമാണ് നടിയോട് അടുത്ത് വൃത്തങ്ങള്‍ പറയുന്നത്.