ഇന്ത്യന്‍ സിനിമ ലോകം കാത്തിരിക്കുന്ന പ്രഭാസ് ചിത്രം കല്‍ക്കി 2898 എഡിയുടെ ട്രെയ്ലര് പുറത്ത്. പ്രഭാസിനൊപ്പം ദീപിക പദുക്കോണ്‍, അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദിഷ പഠാനി, ശോഭന, അന്ന ബെന്‍ എന്നിങ്ങനെ പല ഇന്‍ഡസ്ട്രിയില്‍ നിന്നുമുള്ള താരനിരയുടെ അകമ്പടിയോടെയാണ് ചിത്രത്തിന്‍റെ ട്രെയ്ലര് പുറത്ത് വന്നിരിക്കുന്നത്. വിഷ്ണുവിന്റെ ആധുനിക അവതാരമായ ഭൈരവ ആയാണ് ചിത്രത്തില്‍ പ്രഭാസ് എത്തുന്നത്. എഡി 2898ലെ സാങ്കല്‍പിക ലോകത്ത് നടക്കുന്ന കഥയും അവിടെ ഭൈരവ നേരിടുന്ന വെല്ലുവിളിയുമാണ് ചിത്രം പറയുന്നത്.
തെലുങ്കിലെ ഹിറ്റ് ഫിലിം മേക്കര്‍ നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാവിയും പുരാണവും ചേര്‍ത്തുള്ള വ്യത്യസ്ത കഥയാണ് ചിത്രം പറയുന്നത് എന്ന് നാഗ് അശ്വിന്‍ നേരത്തെ പറഞ്ഞിരുന്നു. വൈജയന്തി മൂവീസിന്‍റെ ബാനറില്‍ സി.അശ്വനി ദത്താണ് കല്‍ക്കി 2898 എഡി നിര്‍മിക്കുന്നത്. സന്തോഷ് നാരായണനാണ് കല്‍ക്കി 2898 എഡിയുടെ പാട്ടുകള്‍ ഒരുക്കുന്നത്. ജൂണ്‍ 27നാണ് ചിത്രം റിലീസാകുന്നത്.