sanjay-gulshan

ഹിറ്റ് മേക്കറായ സഞ്ജയ് ലീല ബന്‍സാലിക്കൊപ്പം ജോലി ചെയ്തത് തന്‍റെ ക്ഷമ പരീക്ഷിക്കുന്ന അനുഭവമായിരുന്നുവെന്ന് വെളിപ്പെടുത്തി നടന്‍ ഗുല്‍ഷന്‍ ദേവയ്യ. ഗോലിയോന്‍ കി രാസ്​ലീല രാം ലീല എന്ന ചിത്രത്തിലാണ് ഗുല്‍ഷന്‍ അഭിനയിച്ചത്. ക്ഷമയുടെ നെല്ലിപ്പലക പലപ്പോഴും കണ്ടെങ്കിലും മികച്ച അനുഭവമായാണ് താന്‍ അതിനെ ഓര്‍ത്തുവയ്ക്കാന്‍ താല്‍പര്യപ്പെടുന്നതെന്നും ഗുല്‍ഷന്‍ കൂട്ടിച്ചേര്‍ത്തു. 

കോടികളുടെ സെറ്റാണ് ബന്‍സാലി ചിത്രങ്ങള്‍ക്കായി തയ്യാറാക്കുന്നത്. ചിത്രീകരണത്തിനുള്ള ലൈറ്റിങിന് ആറ് മണിക്കൂറോളമെടുത്തിട്ടുണ്ട്. മേക്കപ്പ് ചെയ്ത്, സെറ്റിലെത്തിയാല്‍ മണിക്കൂറുകളോളം ആ വേഷത്തില്‍ ഷൂട്ടിങ് തുടങ്ങാനായി കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. ബന്‍സാലി അദ്ദേഹത്തിന്‍റെ സ്വന്തം ശൈലിയിലാണ് ഷൂട്ടിങ് നടത്തുന്നത്. അതിനോട് അഭിനേതാക്കള്‍ സഹകരിക്കേണ്ടി വരും. ആ സാഹചര്യത്തോട് പൊരുത്തപ്പെടുകയാണ് ആദ്യം വേണ്ടത്. പ്രവര്‍ത്തികളില്‍ ചടുലതയുള്ളവര്‍ക്ക് ബന്‍സാലിക്കൊപ്പം ജോലി ചെയ്യാനാവില്ല. മേക്കപ്പിട്ട്, അക്ഷമനായി ഷൂട്ട് എപ്പോള്‍ തുടങ്ങുമെന്ന് ആലോചിച്ചിരുന്ന് തല പെരുത്തിട്ടുണ്ടെന്നും സ്വകാര്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗുല്‍ഷന്‍ തുറന്നു പറഞ്ഞു.

ബന്‍സാലിയുടെ സെറ്റിലെത്തുമ്പോള്‍ ആദ്യത്തെ രണ്ട് ദിവസം അവിടെയുള്ള സാഹചര്യങ്ങളുമായി  പൊരുത്തപ്പെടാന്‍ വേണ്ടി വന്നിട്ടുണ്ട്. സിനിമയ്ക്കായി തന്നോട് കാതുകുത്താന്‍ ആവശ്യപ്പെട്ടുവെങ്കിലും താന്‍ തയ്യാറായില്ലെന്നും ഗുല്‍ഷന്‍ വെളിപ്പെടുത്തി. മേക്കപ്പിട്ട് , കഥാപാത്രമായി മാറി മൂന്ന് ദിവസത്തോളം ഷൂട്ട് നടക്കാന്‍ കാത്തിരുന്നിട്ടുണ്ട്, ഒറ്റ ഷോട്ടുപോലും പക്ഷേ എടുത്തിട്ടില്ല. പിന്നീട് അത് അംഗീകരിച്ചു. സെറ്റിലെത്തി, അവിടെ നടക്കുന്നത് നിരീക്ഷിച്ച്, ബന്‍സാലിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ നിരീക്ഷിച്ച് മനസിലാക്കി അങ്ങനെ ഇരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. രാംലീലയില്‍ നായകനായിരുന്ന രണ്‍വീര്‍ സിങ്, വൈകാരികമായ രംഗങ്ങള്‍ ചിത്രീകരിച്ച ശേഷം ഒരു മൂലയ്ക്ക് പോയിരുന്ന് കരഞ്ഞിട്ടുണ്ടെന്നും ഗുല്‍ഷന്‍  വെളിപ്പെടുത്തി. 

അതേസമയം, സെറ്റില്‍ നിന്നും താന്‍ വിചാരിച്ച ഔട്ട്പുട്ട് കിട്ടിയില്ലെങ്കില്‍ തന്‍റെ ക്ഷമ നശിക്കുന്നതില്‍ തെറ്റെന്താണെന്നായിരുന്നു ബന്‍സാലി അടുത്തയിടെ ഒരു അഭിമുഖത്തില്‍ തുറന്നടിച്ചത്. നിങ്ങളാഗ്രഹിച്ചത് പോലെ ഒരു ഷോട്ട് കിട്ടിയില്ലെന്ന് കരുതുക, മറ്റൊരാള്‍ അത് കുളമാക്കി കളഞ്ഞുവെന്നു.. നിങ്ങളെന്ത് ചെയ്യും? ആളുകള്‍ ഞാന്‍ ദേഷ്യക്കാരനാണെന്നും മോശമായി പെരുമാറിയെന്നുമെല്ലാം കഥകള്‍ പടച്ചുവിടുമെന്നും' ബന്‍സാലി കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

Working with Sanjay Leela Bhansali tested my patiesnce, reveals Actor Gulshan Devaiah. His lighting takes over six hours to set up. You realise in the first couple of days that this is how it’s going to be, he adds.