നടി മോളി കണ്ണമാലിക്കും മകനുമെതിരെ നടന്‍ ബാല. താന്‍ സഹായിച്ചില്ലെന്ന മോളിയുടെ ആരോപണത്തിനാണ് ബാലയുടെ മറുപടി. മോളിയുടെ മകന്‍ വിളിച്ചു ബില്ല് അടയ്ക്കാന്‍ കാശ് ആവശ്യപ്പെട്ടെന്നും താന്‍ ഉടന്‍ തന്നെ കാശ് കൊടുത്തുവെന്നും ബാല പറഞ്ഞു. 

വീട്ടില്‍ ഇരിക്കുന്ന സമയത്ത് തനിക്ക് ഒരു കോള്‍ വന്നു, മോളിയുടെ മകനാണ്, ബില്ലടയ്ക്കാന്‍ കാശില്ല, പണം വേണമെന്ന് പറഞ്ഞു. ഉടന്‍ തന്നെ അവനോട്  വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും വന്നയുടനെ പതിനായിരം രൂപ കൊടുത്തുവെന്നും ബാല പറഞ്ഞു. ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 

മോളിയുടെ മകന്‍ പലതവണ ആശുപത്രി കാര്യങ്ങള്‍ പറഞ്ഞ് കാശു ചോദിച്ചു തന്‍റെ അടുത്ത് വന്നിട്ടുണ്ടെന്നും അപ്പോഴെല്ലാം കാശു കൊടുത്താണ് വിട്ടതെന്നും ബാല പറഞ്ഞു. പെട്ടന്നാണ് ബാല ആശുപത്രിയില്‍ അഡ്മിറ്റ് ആയതെന്നും തിരികെ വന്നു ഫോണ്‍ നോക്കുമ്പോള്‍ ജപ്തിയുടെ വാര്‍ത്ത കാണുന്നതെന്നും താരം കൂട്ടിച്ചര്‍ത്തു. തമിഴ്‌നാട്ടില്‍ നിന്നും വന്ന താന്‍ ചോദിച്ചതിലും കൂടുതല്‍ കാശ് കൊടുത്തിട്ടുണ്ടെന്നും പിന്നെ എന്തിനാണ് തന്നെ കുറ്റപ്പെടുത്തിയതെന്നും ബാല ചോദിക്കുന്നു. മോളി ചേച്ചിയോട് താന്‍ ക്ഷമിച്ചെന്നും പക്ഷേ മോളി ചേച്ചിയുടെ മകനോട് ക്ഷമിക്കാന്‍ സാധിക്കില്ലെന്നും താരം വിഡിയോയില്‍ പറയുന്നുണ്ട്. 

ബാലയുടെ വാക്കുകള്‍:

ഓപ്പറേഷന്‍ കഴിഞ്ഞ് എന്നെ മുറിയിലേക്ക് മാറ്റിയിരുന്നു. ജീവിതത്തിലേക്കുള്ള തിരിച്ചുവരവ് ആയിരുന്നു. ഓരോ ദിവസവും ഞാന്‍ അദ്ഭുതം കണ്ടു. ഐസിയുവില്‍ നിന്ന് പതിനാലാം ദിവസം എന്നോട് പൊയ്ക്കോളാന്‍ പറഞ്ഞു. എനിക്ക് ആരും ആദ്യം ഫോണ്‍ തന്നിരുന്നില്ല. പിന്നെ ഞാന്‍ വിഡിയോ കണ്ടു. ആശുപത്രിയില്‍ വച്ചാണ്. എന്റെ കണ്ണുനിറഞ്ഞു പോയി. എന്നെപ്പറ്റി കുറ്റം പറയുകയാണ്. 

പിന്നീട് മോളി ചേച്ചിയെ ഞാന്‍ ഒരു പരിപാടിയില്‍ വച്ച് കണ്ടിരുന്നു. എന്റെ അടുത്ത് നില്‍ക്കുകയായിരുന്നു. ചേച്ചി സുഖമായിരിക്കുന്നുവോ എന്ന് ചോദിച്ചു. സുഖമായിരിക്കുന്നുവെന്ന് ചേച്ചി പറഞ്ഞു. ‘‘ഞാന്‍ ചത്തു പോകുമെന്ന് കരുതിയോ? ചത്തിട്ടില്ല, ജീവിച്ചിരിപ്പുണ്ട്’’, എന്ന് ഞാന്‍ അവരോട് പറഞ്ഞു.വേറെ ഒന്നും പറഞ്ഞില്ല. കാശിനു വേണ്ടി താന്‍ മരിക്കാന്‍ കുറെയാളുകള്‍ ആഗ്രഹിച്ചിരുന്നു. ആളുകള്‍ എന്തൊക്കെ ചോദിച്ചുവെന്നുവരെ എനിക്ക് അറിയാം.

രണ്ട് മക്കളാണുള്ളത് അവര്‍ക്ക്. ആറ് ആണുങ്ങളുണ്ട് മൊത്തം അവരുടെ വീട്ടില്‍. അത്രയും ആണുങ്ങള്‍ വിചാരിച്ചാല്‍ അഞ്ച് ലക്ഷം രൂപ അടച്ച് ജപ്തി ഒഴിവാക്കിക്കൂടേ? അവന് എന്തെങ്കിലും അസുഖമുണ്ടോ? കാലിനു കൈയ്ക്കും വയ്യേ? മോളി ചേച്ചി ഈ പ്രായത്തിലും കഷ്ടപ്പെടുന്നുണ്ട്.സ്വന്തം മകന്‍ നാല് പേരോട് കാശ് ചോദിച്ചു കൊണ്ടിരിക്കുകയാണ്. അവന് നല്ല ആരോഗ്യമില്ലേ? സ്വന്തം മോന്‍ പണിയെടുത്ത് അമ്മയെ നോക്കുന്നില്ല. തമിഴ്‌നാട്ടില്‍ നിന്നും വന്ന ഞാന്‍ നിങ്ങള്‍ ചോദിച്ചതിലും കൂടുതല്‍ കാശ് തന്നിട്ടുണ്ട്. എന്തിനാണ് എന്നെ കുറ്റപ്പെടുത്തിയത്? ഞാന്‍ മരണത്തെ നേരിടുമ്പോഴാണ് എന്നെ കുറ്റപ്പെടുത്തുന്നത്. ഇതെന്ത് മനസാക്ഷിയാണ്? മോളി ചേച്ചി പിന്നീട് ബാല സഹായിച്ചുവെന്ന് പറഞ്ഞു. മോളി ചേച്ചി നന്നായിരിക്കണം. പക്ഷേ അവരുടെ മകന് എന്റെ ഭാഗത്തു നിന്നും മാപ്പില്ല. ബോധമുള്ള ആരും കൊടുക്കില്ല. പോയി പണിയെടുക്ക്.

ENGLISH SUMMARY:

Actor Bala's interview goes viral on social media