ഷര്‍ട്ടിടാതെ ആംബുലന്‍സില്‍ നിന്ന് ആശുപത്രിയില്‍ എത്തിയ ഡ്രൈവറുടെ വീഡിയോ കഴിഞ്ഞ ദിവസം നവമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായി. തൃശൂര്‍ ചാവക്കാട് ചേറ്റുവ സ്വദേശിയായ അജ്മല്‍ ആയിരുന്നു ആ ഡ്രൈവര്‍. 

അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിച്ച ശേഷം,  തളിക്കുളത്ത് ആംബുലന്‍സ് നിര്‍ത്തിയിട്ട് കഴുകുകയായിരുന്നു അജ്മല്‍. ഇതിനിടെ കൂട്ടുകാരന്‍ വിളിച്ചു. സഹോദരന്‍ ടെറസില്‍ നിന്ന് വീണുവെന്നും സഹായിക്കണമെന്നും അഭ്യര്‍ഥിച്ചു.

വീട്ടുകാര്‍ തന്നെ  പതിനാറുകാരനെ കാറില്‍ കയറ്റി ആംബുലന്‍സിന്‍റെ അടുത്തെത്തിച്ചു. പിന്നെ, തളിക്കുളത്തു നിന്ന് വാടാനപ്പിള്ളി എം.ഐ ആശുപത്രി ലക്ഷ്യമാക്കി ആംബുലന്‍സ് കുതിച്ചു. പതിനാറുകാരന്‍ ആരോഗ്യം വീണ്ടെടുത്തു. പരുക്ക് ഗുരുതരമല്ലായിരുന്നു.

പക്ഷേ, ആശുപത്രിയുടെ സിസിടിവി കാമറയില്‍ ഷര്‍ട്ടിടാതെ വന്ന ആംബുലന്‍സ് ഡ്രൈവറുടെ ദൃശ്യം പതിഞ്ഞിരുന്നു. അജു മെക്സിക്കന്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി അജ്മല്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തു. നിമിഷ നേരം കൊണ്ട് വീഡിയോ പത്തു ലക്ഷത്തിലേറെ പേര്‍ കണ്ടു. പിന്നെ, അനുമോദനപ്രവാഹമായിരുന്നു. ആംബുലന്‍സ് ഡ്രൈവറുടെ ഡ്യൂട്ടിയിലെ ഉത്തരവാദിത്വത്തെ ആളുകളെല്ലാം പുകഴ്ത്തി. ഇപ്പോള്‍ നാട്ടില്‍ വലിയ താരമാണ് അജ്മല്‍ എന്ന അജു മെക്സിക്കന്‍. 

ENGLISH SUMMARY:

Ambulance driver goes viral in social media