സ്മാര്‍ട്ട് സിറ്റി പ്രോജക്റ്റിന്‍റെ ഭാഗമായി പണിത ക്ലോക്കാണ് ഇപ്പോള്‍ ബീഹാര്‍ സര്‍ക്കാരിന് പണിയായിരിക്കുന്നത്. 40 ലക്ഷം മുടക്കി പണിത ക്ലോക്ക് 24 മണിക്കൂറിനുള്ളില്‍ ചത്തു. ഇതോടെ സൈബറിടത്ത് ട്രോളോട് ട്രോള്‍. ക്ലേക്കിന്‍റെ ചെമ്പ് കമ്പികൾ മോഷ്ടിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല്പത് ലക്ഷം ചെലവഴിച്ച് പണി പൂര്‍ത്തിയാക്കി. ഉദ്ഘാടനവും കഴിഞ്ഞു. പക്ഷേ, സമയചക്രം മാത്രം കറങ്ങിയില്ല. എല്ലാം പെട്ടെന്നായിരുന്നുവെന്നാണ് ദൈനിക് ഭാസ്കര്‍ എന്ന പത്രം റിപ്പോര്‍ട്ട് ചെയ്തത്.
‘മുഖ്യമന്ത്രിയുടെ പ്രഗതി യാത്ര അതുവഴി പോകുന്നുണ്ടായിരുന്നു. അതിനൊപ്പിച്ചാണ് ക്ലോക്ക് ടവറിന്‍റെ പണി തീര്‍ത്തതും ഉദ്ഘാടനം നടത്തിയതും. മുഖ്യമന്ത്രി വന്നു, ഉദ്ഘാടനം ചെയ്തുപോയി. അന്ന് രാത്രി തന്നെ മോഷ്ടാക്കളുമെത്തി. ടവറില്‍ കയറി ക്ലോക്കുമായി ബന്ധിപ്പിച്ചിരുന്ന ചെമ്പ് കമ്പികൾ മോഷ്ടിച്ചു’. പിന്നാലെ, ക്ലോക്ക് പണി മുടക്കി. ഇതുസംബന്ധിച്ച കുറിപ്പും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പിന്നാലെ ക്ലോക്ക് ടവര്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു പരിഹാസ്യ ചിത്രമായി മാറി. 40 ലക്ഷം ചിലവ് പേപ്പറില്‍ മാത്രമാണെന്നും ബാക്കി അഴിമതിയാണെന്നും ആരോപണം ഉണ്ട്.