ബേബി ഫോട്ടോഷൂട്ടുകള്‍ വ്യത്യസ്തമാക്കാനുള്ള മാതാപിതാക്കളുടെ മത്സരം പലപ്പോഴും അതിരുവിടാറുണ്ട്. കന്നട സൂപ്പര്‍താരം ദര്‍ശനോടുള്ള കടുത്ത ആരാധനയില്‍ ഒരാള്‍ തന്‍റെ കുഞ്ഞിനോട് ചെയ്തത് കണ്ട കലിപ്പിലാണ് സൈബര്‍ ലോകം. കൊലപാതകക്കേസില്‍ ജയിലിലായ സിനിമാ താരത്തിന്‍റെ ജയില്‍വേഷം പിഞ്ചുകുഞ്ഞിനെ ഉടുപ്പിച്ച് ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് ആരാധകരായ മാതാപിതാക്കള്‍. ചിത്രം വൈറലായതോടെ ശിശുക്ഷേമ വകുപ്പ് കേസെടുത്തു.
വെള്ള നിറത്തിലുള്ള ജയില്‍ യൂണിഫോം, ദര്‍ശന്‍റെ ജയിലിലെ നമ്പറായ 6106 കുഞ്ഞിന്‍റെ നെഞ്ചിന്‍റെ ഭാഗത്ത് തന്നെ ഒട്ടിച്ചുവച്ചിട്ടുണ്ട്. തൊട്ടടുത്തായി കൈവിലങ്ങും കാണാം. ഈ കടുംകൈ ചെയ്ത മാതാപിതാക്കളെ ഉടന്‍ കണ്ടെത്താന്‍ ശിശുക്ഷേമ വകുപ്പ് പൊലീസിന് നിര്‍ദേശം നല്‍കി. കുഞ്ഞിനെ വച്ച് ഇങ്ങനെ ചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കുന്നത് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ചിത്രങ്ങള്‍ എടുത്തവര്‍ക്കെതിരെയും നിയമ നടപടിയുണ്ടാകുമെന്ന് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥനായ ശശിധര്‍ കൊസാംബേ പറഞ്ഞു.
ദര്‍ശന്‍റെ ജയില്‍ നമ്പറായ 6106 സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ആരാധകര്‍ ഈ നമ്പര്‍ പച്ചകുത്തുന്നതും വാഹനങ്ങള്‍ക്ക് ഇതേ നമ്പര്‍ വാങ്ങുന്നതുമെല്ലാം വാര്‍ത്തയായിരുന്നു. പിന്നാലെയാണ് കുഞ്ഞിനെ വച്ചുള്ള പരീക്ഷണം. രേണുകസ്വാമി എന്ന ആരാധകനെ കൊലപ്പെടുത്തിയ കേസിലാണ് ദര്‍ശനും പങ്കാളി പവിത്രയുമടക്കം 15 പേര്‍ പൊലീസ് കസ്റ്റഡിയിലായത്.