asin-sai-pallavi

പ്രേമത്തിലെ മലര്‍ മിസാവേണ്ടിയിരുന്നത് അസിനായിരുന്നു എന്ന് വെളിപ്പെടുത്തി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. മട്ടാഞ്ചേരി ബേസ്​ഡ് കഥാപാത്രമായാണ് മലരിനെ ആദ്യം രൂപപ്പെടുത്തിയതെന്നും പിന്നീട് തമിഴ്​ കഥാപാത്രമായപ്പോള്‍ സായ് പല്ലവി വരികയായിരുന്നുവെന്നും അല്‍ഫോണ്‍സ് പറഞ്ഞു. രജീഷയേയും ചിത്രത്തിനായി ഓഡിഷന്‍ ചെയ്​തിരുന്നുവെന്നും ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അല്‍ഫോണ്‍സ് പറഞ്ഞു. 

'സൗബിന്‍റെ കഥാപാത്രം നേരത്തെ തന്നെ ഫിക്​സ് ചെയ്​തിരുന്നു. വിനയ് ഫോർട്ട് ചെയ്ത കഥാപാത്രത്തിലേക്ക് ആരെ തിരഞ്ഞെടുക്കണം എന്ന് കണ്‍ഫ്യൂഷനുണ്ടായിരുന്നു. പലരെയും തേടി. ആർക്കും ഓഡിഷന് താൽപര്യമുണ്ടായില്ല. ചെമ്പൻ വിനോദിനെ വിളിച്ചപ്പോൾ ഓഡിഷന് ഞാൻ വരില്ലെന്ന് പറഞ്ഞു. അദ്ദേഹം വിചാരിച്ചത് അദ്ദേഹത്തെ ടെസ്റ്റ് ചെയ്യാൻ വിളിക്കുകയാണെന്നാണ്. എന്നാൽ ലുക്ക് ടെസ്റ്റിനാണ് വിളിച്ചത്. പിന്നീട് ​ഗോൾഡിൽ അഭിനയിച്ചപ്പോൾ ഇക്കാര്യം പറഞ്ഞു. നീ ലുക്ക് ടെസ്റ്റിനായിരുന്നോ വിളിച്ചതെന്ന് ചോദിച്ച് ചിരിച്ചു. വിനയ് ഫോർട്ട് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചിട്ടുണ്ട്. ലുക്ക് ടെസ്റ്റും ഓഡിഷനും ഒരുപാട് ചെയ്തിട്ടുണ്ട്. ഓഡിഷന് വിളിച്ചപ്പോള്‍ തന്നെ വരാമെന്ന് വിനയ് പറ‍ഞ്ഞു. മൂന്ന് നാല് വിധത്തിൽ വിനയ് ഫോർട്ട് അഭിനയിച്ച് കാണിച്ചു. അതിലൊന്ന് തിരഞ്ഞെടുത്തിട്ടാണ് വിനയ് ഫോര്‍ട്ടിനെ ഫിക്​സ് ചെയ്​തത്. 

സായ് പല്ലവിയും ഓഡിഷനിലാണ് വന്നത്. മഡോണയും അനുപമ പരമേശ്വരനും ഓഡിഷനിലൂടെ വന്നതാണ്. ഓഡിഷൻ ചെയ്ത പലരും പിന്നീട് വലിയ ആളുകളായി. ഇവരെ എങ്ങനെയാണ് സെലക്ട് ചെയ്യാതിരിക്കുന്നത് എന്ന് ആലോചിച്ച് പലരേയും പറ‍ഞ്ഞുവിട്ടിട്ടുണ്ട്. രജീഷ വിജയനെ പ്രേമത്തിൽ ഞങ്ങൾ സെലക്ട് ചെയ്തതാണ്. പക്ഷെ മൂന്ന് നായികമാർ നേരത്തെ തന്നെ ആയിരുന്നു. അതിനാൽ രജീഷ വിജയനെ പ്രേമത്തിലേക്ക് കൊണ്ട് വരാനായില്ല. മലര്‍, മേരി എന്നീ കഥാപാത്രങ്ങള്‍ക്കായാണ് രജീഷയെ ഓഡിഷന്‍ ചെയ്​തത്. അവരിപ്പോള്‍ വലിയ നടിയായി. 

മലർ എന്ന കഥാപാത്രത്തിലേക്ക് ആദ്യം അസിനായിരുന്നു വരേണ്ടിയിരുന്നത്. നിവിൻ പോളി സംസാരിക്കാമെന്ന് പറഞ്ഞതാണ്. മട്ടാഞ്ചേരി ബേസ് ചെയ്താണ് ആ ക്യാരക്ടർ എഴുതിയിരുന്നത്. പിന്നെ തമിഴ് കഥാപാത്രമാക്കി മാറ്റിയപ്പോഴാണ് സായ് പല്ലവിയെ ഓഡിഷന്‍ ചെയ്​തത്. ഞങ്ങൾ അഞ്ച് പേർ കോയമ്പത്തൂരിലെ അവരുടെ വീട്ടിൽ പോയി ഓഡിഷൻ ചെയ്യുകയായിരുന്നു. അവര്‍ കഥാപാത്രത്തിന് ചേരുമെന്ന് മനസിലായതോടെ അതും ഫിക്​സായി,' അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു. 

ENGLISH SUMMARY:

Director Alphonse Putran revealed that Asin was supposed to play Malar in Premam