ദേവാസുരത്തിലൂടെയും രാവണപ്രഭുവിലൂടെയും മലയാളിമനസില്‍ ഇടംപിടിച്ച നടനാണ് നെപ്പോളിയന്‍. മുണ്ടയ്ക്കല്‍ ശേഖരന്‍ എന്നൊരൊറ്റ കഥാപാത്രം മാത്രം മതി നെപ്പോളിയന്‍ എന്ന നടനെ സിനിമാലോകം എക്കാലവും ഓര്‍ത്തിരിക്കാന്‍. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക് , കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി 100ലധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ സംരംഭകന്‍ എന്നി നിലയിലും രാഷ്ട്രീയ നേതാവെന്ന നിലയിലും കഴിവ് തെളിയിച്ച വ്യക്തിമാണ് നെപ്പോളിയന്‍. ഇപ്പോഴിതാ തന്‍റെ മൂത്ത മകന്‍ ധനുഷിന്‍റെ വിവാഹം ആഘോഷമാക്കുന്ന നെപ്പോളിയന്‍റെ വിഡിയോയും ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
മസ്കുലര്‍ ഡിസ്ട്രോഫി ബാധിച്ച് നടക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മൂത്ത മകന്‍ ധനുഷ്. വര്‍ഷങ്ങളായി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ നെപ്പോളിയന് മരുമകളായെത്തുന്നത് തിരുനെല്‍വേലി സ്വദേശിയായ അക്ഷയയാണ്. വരന്‍ ധനുഷ് അമേരിക്കയില്‍ നിന്നും വധു തിരുനെല്‍വേലിയില്‍ നിന്നുമാണ് നിശ്ചയത്തില്‍ പങ്കെടുത്തത്. വിഡിയോ കോള്‍ വഴിയായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. നെപ്പോളിയനും ഭാര്യയും തിരുനെല്‍വേലിയിലെത്തി ചടങ്ങില്‍ പങ്കെടുത്തു. മകനും മറ്റ് അടുത്ത ബന്ധുക്കളും അമേരിക്കയില്‍ നിന്നും ചടങ്ങില്‍ പങ്കുചേര്‍ന്നു. മകന്‍റെ ആരോഗ്യാവസ്ഥ കണക്കിലെടുത്താണ് വിമാനയാത്രയും മറ്റും ഒഴിവാക്കി നെപ്പോളിയന്‍ വിഡിയോ കോള്‍ വഴി നിശ്ചയം നടത്തിയത്.
ധനുഷിന്‍റെ വിവാഹം കുറച്ച് മാസങ്ങള്‍ക്കുളളില്‍ തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹത്തില്‍ തമിഴ് സിനിമാലോകത്തെ സിനിമ രാഷ്ട്രീയ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യവും ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം തന്‍റെ നിശ്ചയത്തിന്‍റെ വിശേഷങ്ങള്‍ ധനുഷും സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ഉള്ളിൽ നല്ലതായി തോന്നുന്ന ഒരു ജീവിതം സൃഷ്ടിക്കുക എന്ന അടിക്കുറിപ്പോടെ വരന്‍റെ വേഷത്തിലുളള ചിത്രവും ധനുഷ് പങ്കുവച്ചു. നിരവധിയാളുകളാണ് ധനുഷിന് ആശംസ നേര്‍ന്ന് രംഗത്തെത്തിയത്.