‘ഋതു’വില്‍ ഒരു വ്യത്യസ്ത വേഷത്തില്‍ തുടങ്ങി, പിന്നീട് പ്രണയവും പ്രതികാരവുമൊക്കെ കണ്ണില്‍ നിറച്ച്, ഇരുത്തംവന്ന നടന്‍ എന്ന് പേരെടുത്ത ആസിഫ് അലി. സിനിമകളുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഇടയ്ക്ക് അദ്ദേഹം വിമര്‍ശനവും നേരിട്ടു. ഇപ്പോള്‍ വളരെ അപമാനകരമായ ഒരു സാഹചര്യത്തില്‍ അങ്ങേയറ്റം പക്വതയോടെ പ്രതികരിച്ച ആസിഫ് അലിയെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്നു മലയാളികള്‍. സ്വന്തം ജീവിതത്തെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും ‘നേരെ ചൊവ്വേ’യില്‍ മനസ്സുതുറക്കുകയാണ് നടന്‍ ആസിഫ് അലി
ജോണി ലൂക്കോസ്: ഒരുപക്ഷേ സിനിമയിലേക്ക് വന്നപ്പോള്‍ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത്, ജയസൂര്യ... ആ യുവനിര ഇങ്ങനെ തിളങ്ങിനില്‍ക്കുന്ന സമയമാണ്. അവര്‍ക്കൊപ്പമുള്ള ഒരു പരിഗണന റോളുകളുടെ കാര്യത്തില്‍ താങ്കള്‍ക്ക് കിട്ടിയിട്ടില്ല എന്നതും വാസ്തവമാണ്. അതിന്റെ പേരില്‍ അന്ന് താങ്കളെ ഇതുപോലെ ടീസ് ചെയ്യാനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടോ?
ആസിഫ് അലി: ഇല്ലേയില്ല. എന്നെ സംബന്ധിച്ചിടത്തോളം അതെല്ലാം ലോട്ടറിയായിരുന്നു. എനിക്ക് സിനിമയില്‍ ഒരു പ്ലാന്‍ ബി ഇല്ലായിരുന്നു. സിനിമയില്‍ വരണം എന്നുള്ള പ്ലാന്‍ എ മാത്രമേ ഉണ്ടായിരുന്നുള്ളു. അത് എന്ത് ധൈര്യത്തിലായിരുന്നുവെന്ന് സിനിമയില്‍ വന്നുകഴിഞ്ഞ് ചിന്തിച്ചപ്പോള്‍ എനിക്ക് പേടി തോന്നിയിട്ടുണ്ട്. എന്ത് ധൈര്യത്തിലാണ് ആ തീരുമാനമെടുത്ത് അതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരുന്നത് എന്ന് ഞാന്‍ ചിന്തിച്ചിട്ടുണ്ട്. ഞാന്‍ സിനിമയില്‍ വന്നപ്പോള്‍, താങ്കള്‍ പറഞ്ഞ ആ ബാച്ച് കഴിഞ്ഞുവരുന്ന ഒരാള്‍ ഞാന്‍ മാത്രമായിരുന്നു. ഇവരെല്ലാം കഥ കേട്ടുകഴിഞ്ഞ് അവര്‍ക്ക് വര്‍ക്കാകാത്ത കഥാപാത്രങ്ങളും സ്ക്രിപ്റ്റുകളുമാണ് എന്റെയടുത്ത് വന്നിരുന്നത്.
ഞാന്‍ ആദ്യകാലങ്ങളില്‍ ചെയ്ത സിനിമകളില്‍ പലതും അവരെ മനസില്‍ കണ്ട് എഴുതിയ സ്ക്രിപ്റ്റുകളായിരുന്നു. മല്ലു സിങ് എന്ന സിനിമയ്ക്കുവേണ്ടി പൃഥ്വിരാജിനെ വച്ച് ഫോട്ടോഷൂട്ട് ചെയ്തിരുന്നു. അതുകഴിഞ്ഞ് പൃഥ്വിയുടെ ഡേറ്റ് ക്ലാഷ് ആയതുകൊണ്ടോ മറ്റോ അദ്ദേഹത്തിന് അത് ചെയ്യാനായില്ല. പതിവുപോലെ അത് എന്നെ തേടിവന്നു. ആ യുവതാരനിര കഴിഞ്ഞുവരുന്ന ബെഞ്ചില്‍ ഞാന്‍ ഒറ്റയ്ക്കാണ് ഇരിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ ഈസിയായി അത് നേരെ എന്റെയടുത്തെത്തി.
കഥ മുഴുവന്‍ കേട്ടുകഴിഞ്ഞ് ഞാന്‍ എഴുന്നേറ്റ് നിന്ന് സ്ക്രിപ്റ്റ് റൈറ്റേഴ്സിനോട് പറഞ്ഞു, ‘എന്നെയൊന്ന് നോക്ക്, ഞാന്‍ എങ്ങനെയാണ് മല്ലുസിങ്ങായി അഭിനയിക്കുക? അതിനുള്ള വലുപ്പമില്ല, ആ പേരുപോലും ഞാന്‍ താങ്ങില്ല’. അങ്ങനെയുള്ള കഥാപാത്രങ്ങളാണ് എന്റെയടുത്തേക്ക് വന്നുകൊണ്ടിരുന്നത്. ഞാന്‍ അവിടെയുണ്ട്, പക്ഷേ ഞാന്‍ അവിടെ സ്യൂട്ടബിള്‍ അല്ലായിരുന്നു. പക്ഷേ ആ സാഹചര്യവും പതിയെ ഞാന്‍ മറികടന്നു. ലഭിക്കുന്ന കഥാപാത്രങ്ങളെക്കുറിച്ചും കിട്ടുന്ന പരിഗണനയെക്കുറിച്ചുമുള്ള ചോദ്യത്തിന് ആസിഫിന്റെ മറുപടി ഇതായിരുന്നു.