തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് ആസിഫ് അലി– അനശ്വര ചിത്രം രേഖാചിത്രം. 1985ല്‍ പുറത്തുവന്ന കാതോട് കാതോരം എന്ന സിനിമയുടെ സെറ്റില്‍ നടന്ന സംഭവത്തെ അള്‍ട്ടര്‍നേറ്റീവ് ഹിസ്റ്ററിയായി ഒരുക്കുകയായിരുന്നു സംവിധായകന്‍ ജോഫിന്‍ ടി.ചാക്കോ. ചിത്രം മികച്ച അഭിപ്രായങ്ങള്‍ നേടി മുന്നേറുന്നതിനിടെ രേഖാചിത്രം ടീം പ്രസ് മീറ്റ് നടന്നിരുന്നു. മമ്മൂട്ടി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഇതില്‍ പങ്കെടുത്തിരുന്നു. പ്രസ് മീറ്റിനിടക്ക് മമ്മൂട്ടിക്കും ആസിഫ് അലിക്കും ഇടയിലുണ്ടായ ഹൃദ്യമായ നിമിഷം സോഷ്യല്‍ മീഡിയയാകെ വൈറലാവുകയാണ്.
'റോഷാക്കിന്‍റെ സമയത്ത് മമ്മൂക്ക എനിക്കൊരു റോളക്സ് തന്നു, തിരിച്ചു ഞാന്‍ എന്താണ് കൊടുക്കേണ്ടതെന്ന് എല്ലാവരും ചോദിക്കുന്നുണ്ട്' എന്ന് ആസിഫ് പറഞ്ഞപ്പോള്‍ മമ്മൂട്ടി തന്‍റെ കവിളിലേക്ക് ചൂണ്ടുകയായിരുന്നു. ഉടന്‍ ആസിഫ് മമ്മൂട്ടിക്ക് ഒരു ചുംബനം കൊടുക്കുകയായിരുന്നു. കയ്യടിയോടെയാണ് വേദിയിലുള്ളവര്‍ ഈ രംഗത്തെ വരവേറ്റത്.
ചിത്രത്തിന്‍റെ വിജയത്തിന്‍റെ സന്തോഷം മമ്മൂക്കക്കൊപ്പം പങ്കിടണമെന്നുണ്ടായിരുന്നുവെന്നും ആസിഫ് പറഞ്ഞു. 'ഈ സന്തോഷം എല്ലാവരുമായി പങ്കിടണമെന്നുണ്ടായിരുന്നു. പ്രത്യേകിച്ച് മമ്മൂക്കയ്‌ക്കൊപ്പം. സിനിമ കാണാന്‍ തുടങ്ങിയ കാലം മുതല്‍ കൊതിപ്പിക്കുന്നതാണ്. സിനിമയില്‍ വന്ന കാലം മുതല്‍ ചേര്‍ത്തുനിര്‍ത്തിയിട്ടുണ്ട്. ഓരോ പ്രാവശ്യം കാണുമ്പോഴും ആദ്യമായിട്ട് കാണുന്ന ബഹുമാനത്തോടെയും, ഭയത്തോടെയും മാറി നിന്നിട്ടുള്ള ഞങ്ങളെ എല്ലാവരെയും ചേര്‍ത്തുപിടിക്കാറുണ്ട് അദ്ദേഹം.
സിനിമയുടെ എല്ലാ മേഖലകളിലും, എല്ലാ രീതിയിലുള്ള സപ്പോര്‍ട്ടും തന്നിട്ടുള്ള, ഉപദേശങ്ങള്‍ തന്നിട്ടുള്ള മാതൃകയായിട്ട് ഞങ്ങളുടെ മുന്നില്‍ നിന്നിട്ടുണ്ട് പ്രിയപ്പെട്ട മമ്മൂക്ക ഈ സിനിമയുടെ ഭാഗമായി ഈ വിജയം ഞങ്ങള്‍ക്ക് സമ്മാനിച്ചിരിക്കുകയാണ്. ഇത്രയും നാള്‍ വിളിച്ചുശീലിച്ച മമ്മൂക്ക എന്നുള്ളത് പെട്ടെന്ന് മമ്മൂട്ടി ചേട്ടനായി മാറിയത് ഈ സിനിമയുടെയൊരു മാജിക്കായി ഞാന്‍ കാണുന്നു,' ആസിഫ് പറഞ്ഞു.