akshay-kumar

TOPICS COVERED

തുടര്‍പരാജയങ്ങളില്‍ ഉഴലുകയാണ് അക്ഷയ് കുമാര്‍. ഈ വര്‍ഷം ആദ്യമിറങ്ങിയ ബഡേ മിയാന്‍ ചോട്ടേ മിയാന്‍ ബോക്​സ് ഓഫീസ് ദുരന്തമായതിന് പിന്നാലെ ഏറെ പ്രതീക്ഷ അര്‍പ്പിച്ച സര്‍ഫിറയും പരാജയത്തിലേക്ക് കുതിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷം അക്ഷയ്​യുടെ കരിയറിലെ തന്നെ മോശം സമയങ്ങളിലൊന്നാണ്. ഇറങ്ങിയ 11 ചിത്രങ്ങളില്‍ ഒമ്പതെണ്ണവും പരാജയങ്ങളായിരുന്നു. മുമ്പ് തുടര്‍ച്ചയായി 16 സിനിമകള്‍ പരാജയപ്പെട്ട സമയവും അക്ഷയ്​യുടെ കരിയറില്‍ ഉണ്ടായിട്ടുണ്ട്. 

പരാജയങ്ങളിലും താന്‍ ശുഭാപ്​തി വിശ്വാസക്കാരനാണെന്ന് പറയുകയാണ് അക്ഷയ് കുമാര്‍. വിജയത്തിന്‍റെ വിലയെന്താണെന്ന് പരാജയം പഠിപ്പിക്കുമെന്നും വിജയത്തിനുള്ള ആഗ്രഹം അത് വര്‍ധിപ്പിക്കുമെന്നും അക്ഷയ് പറഞ്ഞു. ഫോര്‍ബ്സ് മാഗസീന് നല്‍കിയ അഭിമുഖത്തിലാണ് അക്ഷയ് കുമാറിന്‍റെ തുറന്നുപറച്ചില്‍. 

'ഓരോ സിനിമയുടെയും പിന്നിൽ ഒരുപാട് രക്തവും വിയർപ്പും ആവേശവുമുണ്ട്. ഏതൊരു സിനിമയും പരാജയപ്പെടുന്നത് കാണുമ്പോൾ ഹൃദയം തകരും. പക്ഷേ ശുഭാപ്​തി വിശ്വാസം ഉണ്ടാവണം. ഓരോ പരാജയവും നിങ്ങളെ വിജയത്തിന്‍റെ വില പഠിപ്പിക്കുകയും അതിനുള്ള ആഗ്രഹം ഇനിയും വർദ്ധിപ്പിക്കുകയും ചെയ്യും. ഭാഗ്യവശാൽ, എന്‍റെ കരിയറിൽ നേരത്തെ തന്നെ ഇത് കൈകാര്യം ചെയ്യാൻ ഞാൻ പഠിച്ചിരുന്നു. തീർച്ചയായും പരാജയം വേദനിപ്പിക്കും, സ്വാധീനിക്കും, പക്ഷേ അത് സിനിമയുടെ വിധിയെ മാറ്റില്ല. ഇത് നിങ്ങളുടെ നിയന്ത്രണത്തിലുള്ള ഒന്നല്ല. കൂടുതൽ കഠിനാധ്വാനം ചെയ്യുക എന്നുള്ളതാണ് നിങ്ങളുടെ നിയന്ത്രണത്തിലുള്ളത്, തിരുത്തലുകൾ വരുത്തുക, അടുത്ത സിനിമയ്ക്കായി കഴിയുന്നതെല്ലാം നൽകുക. അങ്ങനെയാണ് ഞാൻ എന്‍റെ ഊർജ്ജം കേന്ദ്രീകരിക്കുകയും അടുത്തതിലേക്ക് നീങ്ങാൻ ശ്രമിക്കുകയും ചെയ്യുന്നത്. എന്‍റെ ഊർജ്ജം ഏറ്റവും പ്രാധാന്യമുള്ളിടത്താണ് കേന്ദ്രീകരിക്കുന്നത്,' അക്ഷയ് പറഞ്ഞു. ‌‌‌

സൂര്യയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം സൂരറൈ പോട്രിന്‍റെ ഹിന്ദി റീമേക്കായിരുന്നു ഒടുവില്‍ പുറത്തുവന്ന അക്ഷയ് ചിത്രമാണ് സര്‍ഫറ. ചിത്രം സംവിധാനം ചെയ്​ത സുധ കൊങ്കര തന്നെയാണ് സര്‍ഫിറയും സംവിധാനം ചെയ്​തത്. ചിത്രത്തില്‍ സൂര്യയുടെ അതിഥിവേഷവുമുണ്ടായിരുന്നു. 

ENGLISH SUMMARY:

Akshay Kumar says that he is an optimist even in failures