renjini-and-sajitha

സീരിയല്‍  സെറ്റില്‍ പ്രമുഖ താരങ്ങളായ സജിത ബേട്ടിയും രഞ്ജിനിയും തമ്മില്‍ കയ്യാങ്കളിയുണ്ടായെന്ന വാര്‍ത്തക്ക് പിന്നാലെ വെളിപ്പെടുത്തലുമായി നടി സജിത ബേട്ടി. പ്രചരിച്ചത് വ്യാജ വാര്‍ത്തയാണെന്നും തങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്നവുമില്ലെന്നും താരങ്ങള്‍ വ്യക്തമാക്കി. സെറ്റില്‍ വെച്ച് ഇരുവരും തമ്മില്‍ സംഘര്‍ഷമുണ്ടായെന്നും ഇതോടെ സീരിയല്‍ ചിത്രീകരണം നിര്‍ത്തിവക്കേണ്ടി വന്നെന്നുമായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍.

സജിത ബേട്ടിയും രഞ്ജിനയും മറ്റ് സീരിയല്‍ താരങ്ങളും ചേര്‍ന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇരു താരങ്ങളും ഒന്നിച്ചിരിക്കുന്നതും ചിരിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. സീരിയലിന്‍റെ സെറ്റില്‍ വെച്ചുതന്നെയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വ്യാജ വാര്‍ത്തക്ക് പിന്നാലെ സീരിലിന്‍റെ റേറ്റിങ് കൂടിയെന്നും അതില്‍ സന്തോഷമുണ്ടെന്നും താരങ്ങള്‍ പറഞ്ഞു. എന്നാല്‍ നടന്നത് സൈബര്‍ കുറ്റകൃത്യമാണെന്നും താനൊരു അഭിഭാഷകയാണ് എന്താണ് ചെയ്യേണ്ടതെന്ന് തനിക്ക് അറിയാമെന്നും രഞ്ജിനി കൂട്ടിച്ചേര്‍ത്തു. 

'ആരുടെ തലയാണ് പൊട്ടിയത് എന്‍റേതാണോ അതോ ബേട്ടിയുടേതാണോ? രണ്ടുപേരുടെയും തല നന്നായിട്ടിരിക്കുന്നു. എന്തൊക്കെ വാര്‍ത്തകളാണ് പുറത്ത് വരുന്നതെന്ന് അറിയില്ല. ഇവിടെ ആരുടെയും തല പൊട്ടിയിട്ടില്ല, നല്ല രീതിയിലാണ് പോകുന്നത്. എല്ലാവരും ഹാപ്പിയാണ്. ഇന്നലെ വന്ന വാര്‍ത്ത വ്യാജമാണ്. എന്തായാലും നന്നായി. കാരണം ഇപ്പോള്‍ സീരിയലിന്‍റെ റേറ്റിങ് കൂടി. നിങ്ങള്‍ തന്നെ കൂട്ടി തന്നു. നന്നായിട്ടുണ്ട്. എന്തായാലും ഇതൊരു സൈബര്‍ കുറ്റകൃത്യമാണ്, ഞാനൊരു അഭിഭാഷകയാണ് എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയാം. ഞാന്‍ നിങ്ങളെ ശ്രദ്ധിക്കുന്നുണ്ട്. ഞങ്ങളെയും സീരിയലിനെയും വൈറലാക്കിയതിന് നന്ദി'- രഞ്ജിനി. 

സജിത ബേട്ടിയുടെ യുട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. മോഹന്‍ലാലിന്‍റെ സൂപ്പര്‍ഹിറ്റ് സിനിമയായ 'ചിത്ര'ത്തിലെ നായികയാണ് രഞ്ജിനി. സീരിയലിലൂടെ വീണ്ടും അഭിനയത്തിൽ സജീവമാകുകയാണ് താരം. മിസ്റ്റര്‍ മരുമകന്‍ ഉള്‍പ്പടെ നിരവധി സിനിമകളിലും സീരിയലുകളിലും ടെലിവിഷന്‍ അവതാരകയായും ശ്രദ്ധേയമായ നടിയാണ് സജിത ബേട്ടി.

ENGLISH SUMMARY:

The actors revealed the truth about the news of conflict between Ranjini and Sajitha Beti