ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനു പിന്നാലെയുളള വിവാദങ്ങള്‍ക്ക് നേരെ പ്രതികരിച്ച് നടികർ സംഘം ജനറൽ സെക്രട്ടറിയും തമിഴ് സൂപ്പർ താരവുമായ വിശാൽ. അഡ്ജസ്റ്റ്മെന്റ് ആവശ്യവുമായി വരുന്നവരെ സ്ത്രീകൾ ചെരുപ്പൂരി തല്ലണമെന്നായിരുന്നു താരത്തിന്‍റെ പ്രതികരണം. എത്ര വലിയ താരമായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം എന്നും അദ്ദേഹം പറഞ്ഞു. മുകേഷ് അടക്കമുള്ള ചില താരങ്ങൾക്ക് എതിരെ കേസ് എടുത്തത്തിനെ കുറിച്ചും താരം പ്രതികരിച്ചു.
വിശാലിന്‍റെ വാക്കുകള്‍ ഇങ്ങനെ:
'ഇത്തരം അതിക്രമണങ്ങളെ ചെറുക്കാനും അതിനോട് പ്രതികരിക്കാനുളള ധൈര്യം സ്ത്രീകള്‍ക്ക് വേണം. അഡ്ജസ്റ്റ്മെന്റ് ആവശ്യവുമായി വരുന്നവരെ സ്ത്രീകൾ ചെരുപ്പൂരി അടിക്കണം. അത്തരം ആളുകളെ ചെരുപ്പുകൊണ്ട് തന്നെ അടിക്കണം. എത്ര വലിയ താരമായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം' എന്നായിരുന്നു വിശാലിന്‍റെ പ്രതികരണം.
അതേസമയം നടിയുടെ പരാതിയില്‍ മുകേഷിന് പുറമെ ജയസൂര്യ ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെ കൂടി കേസ്. ഇടവേളബാബു, മണിയന്‍പിള്ള രാജു തുടങ്ങിയവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിലായാണ് ഏഴ് പേര്‍ക്കെതിരെയും കേസെടുത്തത്.