മൂന്നുദിവസമായി കാണാമറയത്ത് തുടരുന്ന മുകേഷ്, പരാതിയുടെ കാര്യങ്ങള്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. കൊല്ലത്തെ വീട്ടിലും ഓഫീസിലും മുകേഷ് ഇല്ല. തിരുവനന്തപുരത്തെ വീട്ടിൽ ഉണ്ടോ എന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. പ്രതിഷേധ സാഹചര്യത്തിൽ തിരുവനന്തപുരത്തെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
കേസിന് പിന്നാലെ നടനും എംഎൽഎയുമായ എം മുകേഷിനെ എവിടെയും കാണാതായതോടെ പ്രതിരോധത്തിലായത് പാർട്ടി കൂടിയാണ്. മുകേഷ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായുള്ള വിവരവും ലഭിക്കുന്നു. നിലവിൽ എംഎൽഎ കൊല്ലത്തില്ലെന്നാണ് വിവരം. അതിനിടെ, മുഖ്യമന്ത്രിക്ക് മുകേഷ് വിശദീകരണം നൽകി.
തനിക്കെതിരായ ആരോപണങ്ങൾ തെറ്റാണെന്നും പരാതി ഉന്നയിച്ച നടി തന്നെ ഭീഷണിപ്പെടുത്തിയെന്നും മുഖ്യമന്ത്രിയോട് മുകേഷ് പറഞ്ഞു. വാട്ട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പടെയുള്ള തെളിവുകൾ കയ്യിൽ ഉണ്ടെന്നും മുകേഷ് മുഖ്യമന്ത്രിയെ അറിയിച്ചു. മുകേഷ് രാജിവയ്ക്കണമെന്ന ആവശ്യത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാണ്. സംസ്ഥാനത്ത് പല ഭാഗത്തും പ്രതിഷേധം നടന്നു.
സിപിഐ പൂർണമായും മുകേഷ് രാജി വെക്കണമെന്ന നിലപാട് സ്വീകരിച്ചിട്ടും മുകേഷിനെ സംരക്ഷിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചത്. കൊച്ചിയിലെ നടിയുടെ പരാതിയിൽ മുകേഷിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു എന്നാണ് നടിയുടെ മൊഴി. എന്നാൽ കേസെടുത്തത്തിന് പിന്നാലെ മുകേഷിനെ കൊല്ലത്തെയും തിരുവനന്തപുരത്തെയും വീട്ടിൽ കാണാനില്ല.