akhil-pinarayi

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തിനു പിന്നാലെ അഖിൽ മാരാർക്കെതിരെ കേസെടുത്ത് പൊലീസ്. ഇൻഫോ‍പാ‍ർക്ക് പൊലീസാണ് അഖിൽ മാരാർക്കെതിരെ കേസെടുത്തിരിക്കുന്നത്. ‘അങ്ങനെ വീണ്ടും കേസ്...മഹാരാജാവ് നീണാൾ വാഴട്ടെ..എന്നാണ് അഖില്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. പോസ്റ്റ് വന്നതിനു പിന്നാലെ നിരവധിയാളുകളാണ് പ്രതികരണവുമായെത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലാകുകയും ചെയ്തു. 

വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പണം കൊടുക്കാൻ താൽപര്യമില്ലെന്നും പകരം വീടുവച്ചു നല്‍കാമെന്നും അഖില്‍ അറിയിച്ചിരുന്നു. പിന്നാലെ ഒട്ടേറെ പേര്‍  വിമര്‍ശനവുമായി എത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ സംസാരിക്കുന്നവരുടെ വാ മൂടി കെട്ടുക എന്നത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ലെന്നും പിണറായി വിജയൻ ഇപ്പോഴും സംശയത്തിന്‍റെ നിഴലിൽ തന്നെയാണെന്നും വ്യക്തിപരമായി ഇദ്ദേഹത്തെ വിശ്വാസമില്ലെന്നും അഖിൽ മാരാർ പറഞ്ഞു.

‌ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി മറ്റുള്ളളരെപോലെ  ഫെയ്സ്ബുക്കിൽ  വിവരം പോസ്റ്റ് ചെയ്‌താൽ ഒരുപാട് പേർ കയ്യടിക്കും, ആരും കുറ്റം ഒന്നും പറയില്ല.  മറ്റുള്ളവര്‍ക്ക് സ്വീകാര്യനാവുകയും ചെയ്യും.  എന്നാല്‍  സഹായത്തിന്റെ വ്യാപ്തി കഴിയുന്നത്ര കൂട്ടാനാണ് താന്‍ ശ്രമിച്ചതെന്ന്  അകില്‍മാരാര്‍  തന്റെ വീഡിയോയിയില്‍ വ്യക്തമാക്കി.

നാട്ടുകാരുടെ  പണം പിരിച്ച് സ്വന്തംപേരില്‍ വീടുവച്ചു നല്‍കുന്നെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഒട്ടേറെ പോസ്റ്റുകളുണ്ട്  എന്നാല്‍ താന്‍ അങ്ങിനെ ചെയ്തിട്ടില്ല. അങ്ങിനെ പറഞ്ഞതായി  തെളിയിച്ചാല്‍ സിപിഎമ്മില്‍ ചേര്‍ന്ന്  മുഖ്യമന്ത്രിക്കായി സ്തുതിപാടി  ആജീവനാന്തം കഴിഞ്ഞുകൊള്ളാമെന്നും  അഖില്‍ വെല്ലുവിളിച്ചു .അഖിലിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.