സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ പ്രത്യേക ജൂറി പരാമര്‍ശം ആടുജീവിതത്തിലെ കെ.ആര്‍ ഗോകുലിന്. തന്‍റെ ആദ്യ സിനിമയില്‍ തന്നെ അത്രത്തോളം വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ഏറ്റവും മികച്ചതാക്കി അവതരിപ്പിക്കുകയും ചെയ്ത ഗോകുലിനെ സംബന്ധിച്ച് ഇത് അഭിമാന നിമിഷമാണ്.
ആടുജിവിതത്തിലെ ഹക്കീമായി മാറാന്‍ ഗോകുലെടുത്ത പ്രയ്ത്നങ്ങളും വലിയ കയ്യടി നേടിയിരുന്നു. 64 കിലോയില്‍ നിന്ന് 44 കിലോയായി ശരീരഭാരം കുറച്ചാണ് ഗോകുല്‍ ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ഗോകുല്‍ തന്നെ ‘ആടുജീവിത’ അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരുന്നു.
ഒരു സ്വപ്‍നം യാഥാര്‍ഥ്യമാവുന്നതുപോലെയാണ് ഞാന്‍ ആടുജീവിതത്തിന്‍റെ ഭാഗമാകുന്നത്. 2017ലാണ് ഹക്കിം എന്ന കഥാപാത്രത്തിനായി ഈ സിനിമയിൽ ഞാൻ എത്തിപ്പെടുന്നത്. ഹക്കീമുമായി എനിക്ക് പല സാമ്യതകളും തോന്നി. ഒരുപാട് സ്വപ്നങ്ങളുള്ള എന്നെപ്പോലെ തന്നെയൊരു ചെറുപ്പക്കാരന്‍. അവന്‍ എങ്ങനെയായിരിക്കും എന്നാലോചിച്ച് അവനെപ്പോലെയാകാന്‍ ശ്രമിച്ചു. അവന്‍ അനുഭവിച്ചതിന്‍റെ പത്തു ശതമാനമെങ്കിലും ഞാന്‍ അനുഭവിക്കണമല്ലോ, എങ്കിലല്ലേ ആ കഥാപാത്രത്തോട് നീതി പുലര്‍ത്താനാകൂവെന്നാണ് ഗോകുല്‍ പറഞ്ഞത്.
മേക്കപ്പ് കഴിഞ്ഞ് കണ്ണാടി നോക്കുമ്പോള്‍ ഇത് ഞാനല്ല, അവനാണ് എന്ന് തോന്നുമായിരുന്നു. ശരീരഭാരം കുറച്ചായിരുന്നു ഏറ്റവും പ്രയാസമേറിയ കാര്യം. രാത്രി ഷൂട്ടില്‍ കുത്തുന്ന തണുപ്പും രാവിലെ ഷൂട്ട് ചെയ്യുമ്പോള്‍ കുത്തുന്ന ചൂടുമാണ് ഉണ്ടായിരുന്നത്. മണല്‍ക്കാറ്റ് ഷൂട്ട് ചെയ്യുന്ന സമയത്ത് ഞാനും രാജുവേട്ടനും ജിമ്മി സാറും മുഖം മറയ്ക്കാതെയാണ് നിന്നത് എന്നും അണിയറ വിഡിയോയില്‍ ഗോകുല്‍ പറയുന്നു.
18 വയസ്സ് മുതൽ ആടുജീവിതത്തോടൊപ്പം വളർന്നുവന്ന ഒരു വ്യക്തിയാണ് ഞാൻ. ഇപ്പോൾ എനിക്ക് 24 വയസ്സുണ്ട്. ഈ ആറുവർഷവും ഞാൻ സിനിമയ്ക്കൊപ്പം വളരുകയായിരുന്നുവെന്നും ഗോകുല്‍ പിന്നീട് പറഞ്ഞു. സിനിമയ്ക്ക് വേണ്ടി എടുത്ത മേക്ക്ഓവര്‍ ചിത്രം പങ്കുവെച്ച് ശരീരഭാരം കുറച്ച് ഇങ്ങനെ ഒരു ശ്രമം നടത്താന്‍ തനിക്ക് പ്രചോദനമായത് ഹോളിവുഡ് താരം ക്രിസ്റ്റ്യന്‍ ബെയ്ല്‍ ആണെന്നാണ് ഗോകുല്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
‘ക്രിസ്റ്റ്യന്‍ ബെയ്ലിന്റെ അസാധാരണമായ ആത്മസമര്‍പ്പണമാണ് ആടുജീവിതത്തിനായി ഇങ്ങനെ ഒരുങ്ങാന്‍ എന്നെ പ്രചോദിപ്പിച്ചത്. 2004ലെ ത്രില്ലര്‍ മെഷിനിസ്റ്റിലെ റെസ്നിക് എന്ന കഥാപാത്രത്തിനായി 28 കിലോയാണ് അദ്ദേഹം കുറച്ചത്. വെള്ളം, ആപ്പിള്‍, ഒരു ഗ്ലാസ് കോഫി എന്നിവ മാത്രം കഴിച്ചായിരുന്നു അദ്ദേഹത്തിന്റെ ഡയറ്റ്. അതെന്നെ വല്ലാതെ ആകര്‍ഷിച്ചു. അദ്ദേഹത്തിന്‍റെ അഭിനയത്തിന്‍റെ പേരിലാണ് ആ സിനിമ അറിയപ്പെട്ടത് തന്നെ. അദ്ദേഹത്തിന്‍റെ ആരാധകന്‍ എന്ന നിലയില്‍ ഈ പ്രകടനം ഞാന്‍ അദ്ദേഹത്തിന് സമര്‍പ്പിക്കുന്നു’ എന്നാണ് ഗോകുല്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നത്.