പ്രിയ കവി ഗുല്‍സാറിന് ഇന്ന് 90ാം പിറന്നാള്‍. ഇന്ത്യന്‍ സാഹിത്യ–സിനിമാ രംഗത്തെ ആചാര്യ സ്ഥാനമാണ് ഓസ്കര്‍ ജേതാവായ ഗുല്‍സാറിന്. മുന്‍കാല സൃഷ്ടികളുടെ ഓര്‍മകളില്ല, പുതുതലമുറയ്ക്കായി എഴുതുന്ന ഏറ്റവും പുതിയ പാട്ടുകള്‍ വൈറലാകുന്നത് കണ്ടാണ് ഗുല്‍സാര്‍ സാബ് 90ാം പിറന്നാള്‍ ആഘോഷിക്കുന്നത്.
പാട്ട്, കവിത, തിരക്കഥ, സംവിധാനം, നിര്‍മാണം എന്നിങ്ങനെ കൈവയ്ക്കാത്ത മേഖലകളില്ല. പക്ഷേ സിനിമക്കു പാട്ടെഴുതിയാണ് ഈ മനുഷ്യന്‍ രാജ്യത്തെ തലമുറകളുടെ ചുണ്ടുകളിലും ഹൃദയങ്ങളിലും ഇടംപിടിച്ചത്. ഗുല്‍സാര്‍. പ്രണയവും വിരഹവും വാക്കുകളില്‍ വരച്ച് തലമുറകളെ തളച്ചിട്ടയാള്‍.
ഒരു വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ട, വിഭജനത്തിന്‍റെ വേദനകള്‍ കണ്ട, മോട്ടോര്‍ മെക്കാനിക്കിന്‍റേതുള്‍പ്പെടെ ഒരുപാട് പണികള്‍ ചെയ്ത ഗുല്‍സാറിന്‍റെ ജീവിതം ഒരു ശോകഗാനമാകേണ്ടതായിരുന്നു. സംപൂരൺ സിങ് കർലാ എന്ന ഗുല്‍സാറിന്‍റെ യാത്ര വേറൊരു വഴിക്കായിരുന്നു. മേരേ അപ്നെ, ആന്ധി, കോശിഷ് തുടങ്ങി ഇരുപതോളം സിനിമകള്‍ സംവിധാനം ചെയ്തു. ചെറുകഥകളും കാവ്യങ്ങളും രചിച്ചു. എഴുപത്തഞ്ചാം വയസ്സില്‍ റഹ്മാനുമൊത്ത് ഓസ്കര്‍ നേടി.
മുൻകാല ഹിന്ദി നായിക രാഖിയാണു ഭാര്യ. ശ്രദ്ധേയ സംവിധായിക മേഘ്‌നാ ഗുൽസാർ മകളും. എണ്‍പതുകളുടെ മധ്യത്തില്‍ വിട്ടുനിന്ന ശേഷം 1996ല്‍ മാച്ചിസിലൂടെ തിരിച്ചു വന്നു. അതൊരു വരവായിരുന്നു. സംഗീത രംഗം പുതിയ തലമുറ കൈയടക്കിയപ്പോഴും ഗുല്‍സാര്‍ ചുറുചുറുക്കില്‍ അവരുടെ സാറായി മാറി.
സാഹിത്യസംഭാവനയ്ക്ക് ജ്ഞാനപീഠവും സിനിമയിലെ സമഗ്രസംഭാവനയ്ക്ക് ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡും നേടിയ വേറെയാരുണ്ട് ഇന്ത്യയില്‍? 22 ഫിലിംഫെയര്‍ അവാര്‍ഡുകള്‍ പലപതിറ്റാണ്ടിലായി നേടി സകലകാല വല്ലഭനായതും ഗുല്‍സാര്‍ തന്നെ.
കരിയറിലെ ഏഴാം പതിറ്റാണ്ടിലും പ്രസക്തനായിരിക്കുക. വരികള്‍ തേടി സിനിമാക്കാര്‍ ക്യൂ നില്‍ക്കുകയെന്ന് പറഞ്ഞാല്‍ ഇതില്‍പ്പരം ഭാഗ്യമെന്ത് വേണം ഗുല്‍സാര്‍ സാബ്. പ്രായം കെടുത്താത്ത ആ കുറുമ്പിന്‍റെയും കാതലിന്‍റെയും കാരണം കവി തന്നെ പറഞ്ഞിട്ടുണ്ട്.