shafi-jofin

Image Credit: Facebook

ആസിഫ് അലിയെയും അനശ്വര രാജനെയും പ്രധാന കഥാപാത്രങ്ങളാക്കി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത 'രേഖാചിത്ര'ത്തിന് ആദ്യദിനം തന്നെ മികച്ച പ്രതികരണം. ഇൻവെസ്റ്റിഗേഷൻ ഡ്രാമ വിഭാഗത്തില്‍പ്പെടുത്ത ചിത്രത്തിന് തിയറ്ററില്‍ നിറഞ്ഞ കയ്യടി. ഇപ്പോഴിതാ ചിത്രത്തെയും സംവിധായകനെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷാഫി പറമ്പിൽ എം പി. ചാക്കോ മാഷിന്റെ മകന്റെ കണക്കും ഫിസിക്സും കെമിസ്ട്രിയുമൊക്കെ സിനിമയായിരുന്നുവെന്നും, 4 വർഷത്തോളം ജോഫിൻ ഉള്ളിൽ കൊണ്ട് നടന്ന കഥയാണ് ഇപ്പോൾ സിനിമ ആയതെന്നും ഷാഫി പറഞ്ഞു. സമൂഹമാധ്യമത്തിലൂടെയായിരുന്നു ഷാഫി പറമ്പില്‍ എംപിയുടെ പ്രതികരണം. മമ്മൂട്ടിയുടെ ഒരു വലിയ യെസ് ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഇങ്ങനെയാവില്ലായിരുന്നു എന്ന് അവൻ എപ്പോഴും പറയമായിരുന്നെന്നും ഷാഫി കുറിച്ചു.

ഷാഫി പറമ്പില്‍ പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം:

'മുണ്ടൂരിലെ ചാക്കോ മാഷ്ടെ മകന്റെ കണക്കും ഫിസിക്സും കെമിസ്ട്രിയുമൊക്കെ സിനിമയായിരുന്നു. അവനെ പരിചയപ്പെട്ട കെഎസ്​യു കാലം മുതലെ അവന്റെ സ്വപ്നം ഒരു സിനിമാ സംവിധായകൻ ആവുക എന്നതായിരുന്നു. തുടക്കക്കാരന് ധൈര്യമായി ആദ്യാവസരം നൽകി മമ്മൂക്ക അവനെ ചേർത്ത് പിടിച്ചപ്പോൾ പിറന്ന പ്രീസ്റ്റിന് ശേഷം അവനോട് ചോദിക്കാൻ തുടങ്ങിയതാണ് അടുത്തത് എപ്പോഴാണെന്ന്. ഇതിലും മമ്മുക്കയുടെ ഒരു വലിയ #Yes ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഇങ്ങിനെയാവില്ലായിരുന്നു എന്നവൻ എപ്പോഴും പറയും. 4 വർഷത്തോളം അവൻ ഈ കഥ ഉള്ളിൽ കൊണ്ട് നടക്കുന്നു. ഇന്ന് പ്രിയപ്പെട്ട ജോഫിന്റെ  രണ്ടാം സിനിമ രേഖാചിത്രം പുറത്തിറങ്ങി, അവന്റെ ഭാഷയിൽ പറഞ്ഞാൽ 'വർക്കായി' എന്ന് സിനിമ കണ്ടയാളുകൾ ഒന്നടങ്കം പറയുമ്പോൾ സന്തോഷം,അഭിമാനം.ആസിഫലിക്കും അനശ്വരക്കും ടീമിനും അഭിനന്ദനങ്ങൾ. അന്നും ഇന്നും അവനെ പിന്തുണക്കുന്ന ആന്റോ ഏട്ടനും രേഖാചിത്രം നിർമ്മിച്ച വേണു കുന്നപ്പിളളിക്കും സ്നേഹാഭിവാദ്യങ്ങൾ' എന്നാണ് ഷാഫി പറമ്പില്‍ എം പി ഫേസ്ബുക്കില്‍ കുറിച്ചത്. 

അതേസമയം 2025ന്‍റെ തുടക്കം ആസിഫ് അലി ഗംഭീരമാക്കിയെന്നാണ് പ്രേക്ഷകപ്രതികരണം. കിഷ്കിന്ധാ കാണ്ഡത്തിന് ശേഷമെത്തിയ മറ്റൊരു മികച്ച ചിത്രമെന്നും ആരാധകര്‍ പറയുന്നു. ആസിഫ് അലി അനശ്വര രാജന്‍ എന്നിവര്‍ക്കു പുറമെ മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.