weekend-ban

ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന ‘ഡിറ്റക്ടീവ് ഉജ്വലന്‍’ പ്രഖ്യാപിച്ചതിനു പിന്നാലെ മിന്നല്‍ മുരളി യൂണിവേഴ്സിന് കോടതി വിലക്ക്. ടൊവിനോ തോമസ് ചിത്രം ‘മിന്നല്‍ മുരളി’യിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തി ‘മിന്നല്‍ മുരളി യൂണിവേഴ്‌സില്‍’ സിനിമ ചെയ്യുന്നതിനാണ് കോടതി വിലക്ക്. ‘മിന്നല്‍ മുരളി’യുടെ തിരക്കഥാകൃത്തുക്കളായ അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് കോടതിയുടെ നടപടി. ‘ഡിറ്റക്ടീവ് ഉജ്വലന്‍’ എന്ന സിനിമയുടെ നിർമാതാക്കളായ വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിനാണ് പകര്‍പ്പവകാശം ചൂണ്ടിക്കാട്ടി കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ മിന്നല്‍ മുരളി സിനിമയെ സംബന്ധിച്ച കോപ്പിറൈറ്റ് പോളിസികള്‍ ലംഘിക്കപ്പെടാന്‍ പാടില്ല എന്നാണ് അറിയിപ്പില്‍ പറയുന്നത്. ‘മിന്നല്‍ മുരളി’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് ‘മിന്നല്‍ മുരളി യൂണിവേഴ്‌സിന്’ രൂപം നല്‍കുമെന്ന് സോഫിയ പോള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സീരിസിലെ ആദ്യ ചിത്രമായ ധ്യാന്‍ ശ്രീനിവാസന്റെ ഡിറ്റക്ടീവ് ഉജ്ജ്വലന്റെ ടൈറ്റില്‍ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇതിന് പിന്നാലെയാണ് മിന്നല്‍ മുരളിയുടെ തിരക്കഥാകൃത്തുകള്‍ കോടതിയെ സമീപിച്ചത്. ‘മിന്നല്‍ മുരളി’ യൂണിവേഴ്‌സ് കോടതി വിലക്കിയതോടെ ധ്യാന്‍ ചിത്രം പ്രതിസന്ധിയിലായി. 

നിർമാതാവായ സോഫിയ പോൾ, മിന്നൽ മുരളി സട്രീം ചെയ്ത നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ, അമർ ചിത്രകഥ, സ്പിരിറ്റ് മീഡിയ, സിനിമയുടെ സംവിധായകരായ ഇന്ദ്രനീൽ ഗോപികൃഷ്ണൻ, രാഹുൽ ജി എന്നിവർക്കാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. മിന്നൽ മുരളി സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ ബ്രൂസ് ലീ ബിജി, ജോസ്‌മോൻ, പിസി സിബി പോത്തൻ, എസ് ഐ സാജൻ, ഷിബു തുടങ്ങിയവയെ വാണിജ്യപരമായോ അല്ലാതെയോ ഉപയോഗിക്കാൻ പാടില്ലെന്നാണ് നിർദേശത്തിലുള്ളത്.

Court ban on Minnal Murali Universe after announcing Dhyan Srinivasan's 'Detective Ujwalan':

Court ban on Minnal Murali Universe after announcing Dhyan Srinivasan's 'Detective Ujwalan'