മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം ഇന്ന് താന്‍ മികച്ച നടനായി കാണുന്നത് ഫഹദ് ഫാസിലിനെ ആണെന്ന് ഉര്‍വശി. ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടനായി അദ്ദേഹം മാറുമെന്നും ഏത് കഥാപാത്രവും ചെയ്യാന്‍ കഴിയുന്ന നടനാണ് ഫഹദെന്നും ഉര്‍വശി പറഞ്ഞു. ബാക്കിയുള്ളവരും കഴിവുള്ളവരാണെന്നും എന്നാല്‍ ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ വളരെയധികം സ്വാധീനമുണ്ടാക്കാന്‍ കഴിയുന്ന നടനാണ് ഫഹദെന്നും മനോരമ ന്യൂസ് നേരെ ചൊവ്വേ അഭിമുഖത്തില്‍ ഉര്‍വശി പറഞ്ഞു. മമ്മൂട്ടിക്കും മോഹന്‍ലാലിനും ശേഷം മികച്ച നടന്മാരായി മലയാള സിനിമയില്‍ കാണുന്നതാരെയാണ് എന്ന ചോദ്യത്തിനായിരുന്നു ഉത്തരം.
'മമ്മൂട്ടിയും മോഹന്‍ലാലും അവരുടെ ഔന്നത്യത്തിലെത്തിക്കഴിഞ്ഞു. അവരുടെ കഠിനാധ്വാനവും അര്‍പ്പണബോധവുമൊക്കെക്കൊണ്ട് അവര്‍ വന്നു കഴിഞ്ഞു. അവരെ ഇനി വിമര്‍ശിക്കേണ്ട കാര്യമില്ല, അവരുടെ പെര്‍ഫോമന്‍സ് എടുത്തുപറയേണ്ട കാര്യമില്ല. അവര്‍ രണ്ട് ഇരുമ്പുതൂണുകളായി കഴിഞ്ഞു. പക്ഷേ ഇന്ന് പറയാനാണെങ്കില്‍ ഏറ്റവും എളുപ്പം എടുത്തുപറയാവുന്ന പേര് ഫഹദ് ഫാസിലാണ്. ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടനായി അയാള്‍ മാറുമെന്നതില്‍ ഒരു സംശയവുമില്ല. ഏത് ക്യാരക്റ്ററും ചെയ്യാന്‍ കഴിയും. അദ്ദേഹം തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ തന്നെ ഒന്നിനോട് ഒന്ന് ഉപമിക്കാന്‍ പറ്റില്ല. അതില്‍ പക്കാ നെഗറ്റീവും ചെയ്തിട്ടുണ്ട്, 22 ഫീമെയ്ല്‍ കോട്ടയം, ചാപ്പാ കുരിശ് പോലെയുള്ള സിനിമകള്‍. തുടക്കകാലത്ത് തന്നെ ഞാനൊരു ഹീറോയാണ് ആ സ്റ്റാര്‍ഡം നിലനിര്‍ത്തണം എന്ന് നോക്കാതെ ഒരു മികച്ച നടനാണെന്ന് തെളിയിച്ചു. ഏറ്റവുമൊടുവില്‍ ആവേശത്തില്‍ ഒരു ആക്ഷന്‍ ഭാഗം കൂടി ചെയ്തു.
പിന്നെ ഒരു ബ്രില്യന്‍റ് ആക്ടറിനെ പറയാനാണെങ്കില്‍ ശ്രീനിയേട്ടന്‍റെ പിന്‍ഗാമി ആയി ബേസില്‍ ജോസഫ്, ബാക്കി എല്ലാവരും ടാലന്‍റഡ് ആണ്. ആരേയും കുറച്ച് പറയുന്നില്ല, ഒരോരുത്തരും ഓരോ രീതിയാണ്. പിന്നെ പൃഥ്വിരാജ്, അയാളുടെ ഉള്ളില്‍ വളരെ നല്ല സംവിധായകന്‍ ഉണ്ടെന്നും തെളിയിച്ചു. അങ്ങനെ ലാലേട്ടനും മമ്മൂക്കക്കും ശേഷം വന്ന ഒരുപാട് നടന്മാര്‍ ഓള്റൗണ്ടേഴ്സായി ഇവിടെ വരുന്നു, എങ്കിലും ഇന്ത്യന്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ വളരെയധികം സ്വാധീനമുണ്ടാക്കാന്‍ പറ്റുന്ന നടനാണ് ഫഹദ്. ഒരു കമല്‍ ഹാസന്‍ പടത്തില്‍ മറ്റൊരു നടന്‍ ശ്രദ്ധിക്കപ്പെടുക എന്ന് പറയുന്നത് വളരെ അപൂര്‍വമാണ്. വിക്രം എന്ന സിനിമ ഫഹദിനു വേണ്ടി കൂടിയാണ് ഓടിയത്. എനിക്ക് വലിയ ഇഷ്ടമുള്ള നടനാണ് ഫഹദ്,' ഉര്‍വശി പറഞ്ഞു.
ഉര്‍വശി പങ്കെടുത്ത ‘നേരെ ചൊവ്വേ’ അഭിമുഖത്തിന്‍റെ പൂര്‍ണരൂപം മനോരമന്യൂസ് യൂട്യൂബ് ചാനലില്‍ കാണാം