വടക്കൻ പാട്ടുകളെ ആസ്പദമാക്കി എം.ടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'ഒരു വടക്കൻ വീരഗാഥ' വീണ്ടും തിയേറ്ററുകളിലേക്ക്. 1989ൽ തിയേറ്ററുകളിലെത്തിയ മലയാള ചലച്ചിത്രമാണ് 4കെ ദൃശ്യ, ശബ്ദ മികവോടെ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ചിത്രം 35 വർഷങ്ങൾക്കു ശേഷം റീ റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിലാണ് ആരാധകരും.
ചിത്രം റീ റിലീസ് ചെയ്യുന്ന വിവരവും ടീസറും ഉൾപ്പടെ ഫെയ്സ്ബുക്കിൽ പങ്കുവെച്ചത് മമ്മൂട്ടി തന്നെയാണ്. ചിത്രത്തിന്റെ 4കെ റീമാസ്റ്റർ പതിപ്പിന്റെ ടീസറാണ് പുറത്തിറക്കിയത്. ചിത്രത്തിൽ ചന്തു ചേകവരെന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. വടക്കൻ പാട്ടുകളിലെ ചതിയൻ ചന്തുവിന് വേറിട്ട മുഖം നല്‍കിയ സിനിമയായിരുന്നു വടക്കൻ വീരഗാഥ.
മലയാളം സിനിമയിക്കും വ്യക്തിപരമായി തനിക്കും ഒരുപാട് നേട്ടങ്ങൾ സമ്മാനിച്ച സിനിമയാണ് ഒരു വടക്കൻ വീരഗാഥയെന്ന് ആശംസ വീഡിയോയിൽ നടൻ മമ്മൂട്ടി വ്യക്തമാക്കി. മമ്മൂട്ടിക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം, മികച്ച തിരക്കഥയ്ക്കും, മികച്ച പ്രൊഡക്ഷന്‍, കോസ്റ്റ്യൂം ഡിസൈനിനുമുള്ള ദേശീയ പുരസ്‌കാരവും കരസ്ഥമാക്കി. 7 സംസ്ഥാന അവാർഡുകളാണ് ചിത്രം നേടിയത്.