തൃശൂര്‍ പൂരദിനത്തില്‍ ആംബുലന്‍സ് ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്കെതിരെ അന്വേഷണം . സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറി അഡ്വ.സുമേഷാണ് പരാതി നല്‍കിയത്. തൃശൂര്‍ സിറ്റി പൊലീസ് അന്വേഷണം തുടങ്ങി.
പൂരം അലങ്കോലമായതിനെ തുടർന്നു നടന്ന ചർച്ചയിൽ പങ്കെടുക്കാൻ രാത്രിയിൽ സുരേഷ് ഗോപി തിരുവമ്പാടി ദേവസ്വം ഓഫിസിലേക്ക് ആംബുലൻസിൽ എത്തിയതു നിയമവിരുദ്ധമാണെന്നാണ് പരാതിയില്‍ പറയുന്നത്.
രോഗികളെ കൊണ്ടുപോകുന്നതിനു മാത്രം ഉപയോഗിക്കേണ്ട ആംബുലൻസ് അന്ന് ബിജെപി സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി ചർച്ചയ്ക്ക് എത്തിയത്. മോട്ടർ വെഹിക്കിൾ ആക്ട് പ്രകാരം ആംബുലൻസ് സ്വകാര്യ യാത്രയ്ക്ക് ഉപയോഗിക്കാൻ പാടില്ലാത്തതാണ്. കുറ്റക്കാർക്കെതിരെ നടപടി വേണമെന്നാണു പരാതിയിലെ ആവശ്യം.