സിനിമകളിലും മിനിസ്ക്രീനിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് രചന നാരായണന്‍കുട്ടി. മഴവില്‍ മനോരമയിലെ ‘മറിമായം’ എന്ന പരിപാടിയിലെ നിറസാന്നിധ്യമാണ് രചന. താരത്തിന്‍റെ പുതിയ വിശേഷം സമൂഹമാധ്യമത്തില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. ഒരാളുടെ തോളില്‍ തലചായ്ച്ചു കിടക്കുന്ന ചിത്രത്തിനൊപ്പം ‘ജീവിതം’, ‘പ്രണയം’ എന്നീ ഹാഷ്ടാഗുകള്‍ രചന പങ്കുവച്ചു. ഇതോടെ രചന വിവാഹിതയാകുകയാണോ എന്ന ചോദ്യവുമായി ആരാധകരും എത്തി.
ഇതേക്കുറിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ ചിത്രത്തിനു പിന്നാലെ കല്‍പ്പാത്തിയില്‍ നിന്നുള്ള കുറച്ചു ചിത്രങ്ങള്‍ കൂടി രചന പങ്കുവച്ചിട്ടുണ്ട്. വിവാഹമോചിതയാണ് രചന. ഇതേക്കുറിച്ച് താരം ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിട്ടുണ്ട്. 19 ദിവസം മാത്രമായിരുന്നു ആ വിവാഹബന്ധം നീണ്ടുനിന്നത്. മുന്‍ ഭര്‍ത്താവ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുമായിരുന്നുവെന്നും താരം പറയുന്നുണ്ട്.
'അതെല്ലാം കഴിഞ്ഞ കാര്യങ്ങളാണ്. പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അതെല്ലാം സംഭവിച്ചത്. അഭിനയ രംഗത്തേക്ക് കടന്ന് വന്നതും വിവാഹമോചനത്തിന് ശേഷമാണ്. വിവാഹവും വിവാഹമോചനവുമെല്ലാം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ വരുന്നത് കാണാറുണ്ട്. അതൊക്കെ മറികടന്ന് മറ്റൊരുപാട് കടമ്പകള്‍ പിന്നിട്ടാണ് ഇപ്പോള്‍ ജീവിക്കുന്നത്. ജീവിതത്തെ പുതിയൊരു തലത്തിലേക്കാണ് എത്തിക്കാന്‍ കഴിഞ്ഞത്, പുതിയൊരു ജീവിത രീതിയാണ് ഇപ്പോള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.
പത്തൊന്‍പത് ദിവസങ്ങള്‍ മാത്രമാണ് ഞങ്ങള്‍ ഭാര്യാ ഭര്‍ത്താക്കന്‍മാരായി കഴിഞ്ഞത്. 2012 ല്‍ തന്നെ വിവാഹമോചനം നേടി. ശാരീരികവും മാനസികവുമായി പീഡിപ്പിക്കുന്നു എന്ന എന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പിന്നീടാണ് അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. അതൊക്കെ കഴിഞ്ഞു. ഇപ്പോള്‍ ഒരു കുഴപ്പവുമില്ല.ഇപ്പോഴെനിക്ക് ഡിപ്രഷന്‍ എന്ന വാക്ക് തന്നെ അറിയില്ല. ആരാധകരായ ഒരുപാട് പേര്‍ വിളിക്കാറുണ്ട്. അവരോട് സംസാരിക്കാന്‍ സമയം കണ്ടെത്താറുണ്ട്'- എന്നാണ് മുന്‍ വിവാഹത്തെയും വിവാഹമോചനത്തെയും കുറിച്ച് രചന തുറന്നുപറഞ്ഞത്.
സമൂഹമാധ്യമത്തില്‍ സ്ഥിരസാന്നിധ്യമായ താരത്തിന്‍റെ പോസ്റ്റുകളും ചിത്രങ്ങളും വൈറലാകാറുണ്ട്. ‘ഗോവിന്ദാ... ഗോവിന്ദാ. എല്ലാ അഹംഭാവങ്ങളെയും തമോഗുണങ്ങളെയും ഇല്ലാതാക്കുന്ന ഭഗവാന്റെ സന്നിധിയിൽ’ എന്ന കുറിപ്പിനൊപ്പം തിരുപ്പതി ക്ഷേത്രത്തില്‍ പോയി തലമൊട്ടയടിച്ച ചിത്രവും അഷ്ടമിരോഹിണി ദിനത്തില്‍ ‘രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ. മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ’ എന്ന ജ്ഞാനപ്പാനയിലെ വരികള്‍ക്കൊപ്പം ഭഗവാന്‍റെ ചിത്രം പങ്കുവച്ച പോസ്റ്റും വൈറലായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെടുത്തിയാണ് ഈ പോസ്റ്റ് ചര്‍ച്ചയായത്.