രാജ്യത്ത് മധുര മനോഹരമായ പ്രണയം കുറയുന്നതായി ചൈനീസ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. പ്രതിസന്ധി മറികടക്കാന്‍ കോളജുകളിലും സര്‍വകലാശാലകളിലും പ്രണയ വിദ്യാഭ്യാസം നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുവാക്കള്‍ പ്രണയത്തോടും വിവാഹത്തോടും മുഖംതിരിക്കുന്നതാണ് പുതിയ നടപടികളിലേക്ക് കടക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. 57 ശതമാനം കോളജ് വിദ്യാര്‍ഥികളും പ്രണയ വിരോധികളാണെന്നാണ് ചൈന പോപ്പുലേഷന്‍ ന്യൂസ് പറയുന്നത്. പഠനത്തിനിടെ പ്രണയത്തിന് സമയം നീക്കിവയ്ക്കുന്നതെങ്ങനെ എന്ന ആശയക്കുഴപ്പമാണ് പ്രശ്നം. പ്രേമമെന്നാല്‍ എന്താണെന്ന് അറിയാത്തതു കാരണം വൈകാരിക ബന്ധങ്ങളെക്കുറിച്ച് അറിവില്ലാതെയാണ് ഈ കുട്ടികള്‍ വളരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇത്തരം സാഹചര്യത്തില്‍ വിവാഹ–പ്രണയ പ്രോല്‍സാഹനം നടത്തേണ്ടത് സര്‍വകലാശാലകളുടെ ചുമതലയാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ പറയുന്നു. ഈ മാറ്റങ്ങള്‍ ദാമ്പത്യത്തിനും കുട്ടികളുണ്ടാകുന്നതിനും അനുകൂലമായ സംസ്കാരമുണ്ടാക്കുമെന്നും പ്രതീക്ഷിക്കുന്നു. രാജ്യത്തെ ജനസംഖ്യാ സ്ഥിതിയെക്കുറിച്ചും കുട്ടികളുണ്ടാകേണ്ടതിനെക്കുറിച്ചുമൊക്കെ പഠിപ്പിച്ച് സ്ഥിതി മാറ്റിയെടുക്കാനാണ് ശ്രമം.
ദാമ്പത്യത്തിന്‍റെ നല്ലവശങ്ങള്‍, കുടുംബ ജീവിതത്തിന്‍റെ ഗുണങ്ങള്‍ തുടങ്ങിയവയും വിദ്യാഭ്യാസത്തിന്‍റെ ഭാഗമാകും. കുറയുന്ന ജനനനിരക്കിന് പരിഹാരമായാണ് വിദ്യാഭ്യാസത്തില്‍ പ്രണയ പാഠങ്ങളുടെ വരവ്. ബിരുദതലത്തിലുള്ളവരെയും മുതിര്‍ന്ന കോളജ് വിദ്യാര്‍ഥികളെയുമാണ് പ്രണയം പഠിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. കേസ് സ്റ്റഡികള്‍, ഗ്രൂപ്പ് ചര്‍ച്ചകള്‍ എന്നിവയിലൂടെയായിരിക്കും പഠനം. എതിര്‍ലിംഗവുമായുള്ള ആശയവിനിമയം, ഇഴുകിച്ചേര്‍ന്ന ബന്ധങ്ങള്‍ തുടങ്ങിയവ സിലബസില്‍ വരും.
കഴിഞ്ഞ മാസം ചൈനീസ് സ്റ്റേറ്റ് കൗണ്‍സില്‍ തദ്ദേശ സര്‍ക്കാരുകളോട് ജനസംഖ്യാനിരക്ക് കുറയുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. പ്രേമവും കല്യാണവും കുട്ടികളുണ്ടാകലുമെല്ലാം അതിന്‍റേതായ സമയത്ത് നടക്കണമെന്നാണ് സര്‍ക്കാരിന്‍റെ ആഗ്രഹം.കഴിഞ്ഞ വര്‍ഷം 0.15 ശതമാനമാണ് ചൈനയുടെ ജനസംഖ്യ കുറഞ്ഞത്. ആകെ ജനസംഖ്യയില്‍ 20 ലക്ഷത്തിന്‍റെ കുറവ്. 2022ല്‍ എട്ടര ലക്ഷമായിരുന്നു ജനസംഖ്യയിലെ കുറവ്. ജനനനിരക്ക് 5.7 ശതമാനം കുറഞ്ഞു. മരണ നിരക്കാകട്ടെ 6.6 ശതമാനം കൂടി.
തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ജനസംഖ്യയില്‍ കുറവ് നേരിടുന്നത്. 140 കോടി പേരുള്ള ചൈന ജനസംഖ്യയുടെ കാര്യത്തില്‍ ഇന്ത്യക്കു പിന്നില്‍ രണ്ടാംസ്ഥാനത്താണ്. ജനസംഖ്യാ നിയന്ത്രണത്തിന് നടപ്പാക്കിയ ‘ഒരു കുടുംബത്തില്‍ ഒരു കുട്ടി’ നയം പിന്‍വലിച്ചിട്ടും പ്രയോജനമില്ല.