റിലീസിനൊരുങ്ങുന്ന ചിത്രം കങ്കുവയുടെ പ്രൊമോഷന് പരിപാടിക്കിടെ കണ്ണീരടക്കാനാവാതെ തമിഴ് സൂപ്പര്‍താരം സൂര്യ. തെലുഗ് താരം നന്ദമൂരി ബാലകൃഷ്ണയുടെ 'അണ്‍സ്റ്റോപ്പബിള്‍ വിത്ത് എന്‍ബികെ'യില്‍ പങ്കെടുക്കുന്നതിനിടെയാണ് താരം വിതുമ്പിയത്. സൂര്യയുടെ അഗരം ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിഡിയോ പരിപാടിക്കിടെ പ്രദര്‍ശിപ്പിച്ചു. ഒരു നല്ല മനുഷ്യനാകണമെന്ന ഉത്തരവാദിത്തമാണ് അഗരത്തിലൂടെ താന്‍ നിറവേറ്റാന്‍ ശ്രമിക്കുന്നതെന്നായിരുന്നു താരത്തിന്റെ വാക്കുകള്‍.
സ്ക്രീനില്‍ കാണിച്ച വിഡിയോയില്‍ പിതാവ് മരിച്ചു പോയപ്പോള്‍ അഗരം ഫൗണ്ടേഷനാണ് സഹായത്തിനെത്തിയതെന്നും പഠിക്കാനായത് ഫൗണ്ടേഷന്റെ സ്കോളര്‍ഷിപ്പിനെ തുടര്‍ന്നാണെന്നും പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇത് കേട്ട സൂര്യയ്ക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. അഗരം ഫൗണ്ടേഷന് താന്‍ തുടക്കമിട്ടപ്പോള്‍ തമിഴ്നാട്ടിലെ ജനങ്ങളെ പോലെ തന്നെ തെലുങ്കരും സഹായിച്ചുവെന്നും. സമാന മനസ്കരുടെ സഹകരണമാണ് അര്‍ഹരായവരിലേക്ക് എത്തിച്ചേരാന്‍ സഹായിക്കുന്നതെന്നായിരുന്നു കണ്ണീരണിഞ്ഞുള്ള താരത്തിന്റെ വിശദീകരണം.
2006 ലാണ് അഗരം ഫൗണ്ടേഷന് സൂര്യ തുടക്കമിട്ടത്. എന്‍ജിഒ വഴിയായി സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടികളെ സ്പോണ്സര് ചെയ്യാനുള്ള അവസരം ആളുകള്‍ക്ക് ലഭിച്ചിരുന്നു. 'ഇന്ന് അഗരത്തിലൂടെ സാമ്പത്തിക പിന്തുണ ലഭിച്ച് വളരുന്ന കുട്ടികള്‍ അവരുടെ കുടുംബത്തിലും സമൂഹത്തിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പര്യാപ്തരായി വളരു'മെന്നാണ് തന്റെ പ്രതീക്ഷയെന്ന് താരം അഗരത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ കുറിച്ചിട്ടുണ്ട്.
സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ കങ്കുവ നവംബര്‍ 14നാണ് തിയറ്ററിലെത്തുക. ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് സൂര്യ അഭിനയിക്കുന്നത്. ഇരട്ടവേഷം ചെയ്യാന്‍ തനിക്ക് വലിയ മടിയായിരുന്നുവെന്നും എന്നിട്ടും ആറേഴ് സിനിമകളില്‍ ഇരട്ടവേഷത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്നും താരം പറഞ്ഞു. ഇരട്ടവേഷത്തിലെത്തുന്നത് പ്രേക്ഷകര്‍ക്ക് സങ്കല്‍പ്പിക്കാനാകുമോ എന്നതില്‍ എപ്പോഴും ആശങ്കകള്‍ ഉയരാറുണ്ടെന്നും അപ്പോഴെല്ലാം സംവിധായകര്‍ അത് ദൂരീകരിക്കാറുണ്ടെന്നും താരം വെളിപ്പെടുത്തി.
'രൂപത്തില്‍ ഞാന്‍ അച്ഛനെപ്പോലെയോ, അച്ഛന് എന്നെപ്പോലെയോ അല്ല ഇരിക്കുന്നത്. പക്ഷേ കങ്കുവയില്‍ ഒരു സമയക്രമമുണ്ട്. അതുകൊണ്ട് തന്നെ എന്തുകൊണ്ടാണ് ഞാനിതില്‍ ഇരട്ടവേഷം ചെയ്തതെന്ന് സിനിമ കണ്ടുകഴിയുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും'– സൂര്യ വിശദീകരിച്ചു. ബോബി ഡിയോള്‍, ദിഷ പട്ടാണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. യുവി ക്രിയേഷന്‍സും സ്റ്റുഡിയോ ഗ്രീനുമാണ് നിര്‍മാതാക്കള്‍. അതേസമയം, ജ്യോതികയ്ക്കൊപ്പം വീണ്ടും അഭിനയിക്കുകയാണ് തന്റെ സ്വപ്നമെന്നും അതെത്രയും വേഗം സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും സൂര്യ മറ്റൊരു അഭിമുഖത്തിലും വെളിപ്പെടുത്തി.