image: X

പങ്കാളിയെ ചതിച്ച് വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെട്ടതായി തുറന്നുപറഞ്ഞ് നടന്‍ അമിത് ടണ്ഠന്‍. തനിക്ക് മറ്റ് ബന്ധങ്ങളുണ്ടായിരുന്ന വിവരം ആദ്യമൊന്നും ഭാര്യ റൂബി അറിഞ്ഞില്ലെന്നും എന്നാല്‍ ഇതറിഞ്ഞതോടെ അവര്‍ തകര്‍ന്നുപോയെന്നും താരം തുറന്നു പറയുന്നു. പോഡ്കാസ്റ്റിനിടെയാണ് താരം കരിയറിനെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ചും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. 

ബന്ധങ്ങളിലെ കയറ്റിറക്കങ്ങളെ കുറിച്ച് സംസാരിച്ചപ്പോള്‍ വിവാഹ ബന്ധത്തില്‍ വന്നുപോയ താളപ്പിഴകളെ കുറിച്ചും അമിത് സൂചിപ്പിച്ചു. എപ്പോഴെങ്കിലും ചതിച്ചിട്ടുണ്ടോ എന്നായിരുന്നു അവതാരകന്‍റെ ചോദ്യം. മറുപടിയായി താരം സ്വകാര്യ ജീവിതം വെളിപ്പെടുത്തുകയായിരുന്നു. 'ഞാന്‍ അങ്ങനെ ചെയ്തിട്ടുണ്ട്. എങ്ങനെ ഏറ്റവും മാന്യമായി ഇക്കാര്യം പറയാമെന്നാണ് ഞാനിപ്പോള്‍ ആലോചിക്കുന്നത്. ഒട്ടും മാന്യമല്ലാത്ത കാര്യമാണ് ചെയ്തതെന്ന് തിരിച്ചറിഞ്ഞാണ് പറയുന്നത്. ചില സമയത്ത് വികാരങ്ങള്‍ക്ക് അടിപ്പെട്ട് പോയിട്ടുണ്ട്. ഒരു സമയം വരെ റൂബിക്ക് ഇതേക്കുറിച്ച് അറിയില്ലായിരുന്നു. അവള്‍ ഇത് മനസിലാക്കിയതോടെ തകര്‍ന്നുപോയി'-അമിത് തുറന്നു പറ‍ഞ്ഞു.

തന്‍റെ വിവാഹേതര ബന്ധം റൂബിയുമായുള്ള ബന്ധത്തില്‍ വലിയ വിള്ളല്‍ വീഴിത്തിയെന്നും അത്തരം ബന്ധങ്ങളുണ്ടാക്കുന്ന വിള്ളല്‍ ഒരിക്കലും പരിഹരിക്കാന്‍ പറ്റാത്തതാണെന്നും അമിത് സ്വന്തം അനുഭവം ചൂണ്ടിക്കാട്ടി വ്യക്തമാക്കുന്നു. 'നാള്‍ക്കുനാള്‍ ആ വിള്ളല്‍ വലുതായിക്കൊണ്ടിരിക്കും. കുട്ടിയാകുമ്പോള്‍ എല്ലാം ശരിയാകുമെന്ന് എല്ലാവരും പറയും. നമ്മളും കരുതും. പക്ഷേ അത് ശരിയല്ലെ'ന്നും താരം കൂട്ടിച്ചേര്‍ത്തു. 

2007ലാണ് ഡോക്ടറായ റൂബിയെ അമിത് വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ഒരു മകളുണ്ട്. അസ്വാരസ്യങ്ങളെ തുടര്‍ന്ന് 2017 ല്‍ ഇരുവരും ബന്ധം പിരി‍ഞ്ഞുവെങ്കിലും 2019 ല്‍ ഒന്നിച്ചു. ആ ബന്ധം കൂടിച്ചേരേണ്ടത് അത്യാവശ്യമായിരുന്നുവെന്നാണ് അമിത് ഇതേക്കുറിച്ച് പ്രതികരിച്ചത്.

ഇന്ത്യന്‍ ഐഡല്‍ 1 ലൂടെയാണ് അമിത് കരിയര്‍ ആരംഭിച്ചത്. കൈസാ യോ പ്യാര്‍ ഹേ ആയിരുന്നു ആദ്യ ചിത്രം. പിന്നാലെ ശ്രദ്ധേയമായ നിരവധി ടെലിവിഷന്‍ പരിപാടികളും താരം ചെയ്തു. 2008 ല്‍ ദില്‍ മില്‍ ഗയെയിലെ ഡോ. അഭിമന്യുവിന്‍റെ വേഷമാണ് അമിതിന് ആരാധകരെ നേടിക്കൊടുത്തത്. 

ENGLISH SUMMARY:

Actor Amit Tandon admits cheating on his wife Ruby more than once. He opened up about his past relationship in a podcast.