സിനിമ മേഖലയെ ഞെട്ടിച്ചു കൊണ്ടാണ് ധനുഷിനെതിരായ നയന്‍താരയുടെ തുറന്ന കത്ത് എത്തിയത്. ആരാധകര്‍ക്കു മുന്നില്‍ കാണുന്നയാളല്ല യഥാര്‍ഥ ജീവിതത്തിലെ ധനുഷ്.  പകമനസില്‍ കൊണ്ടു നടക്കുന്നയാളാണെന്നും  നയന്‍താര വിമര്‍ശിക്കുന്നു. നയന്‍താരയ്ക്ക് പിന്നാലെ   ഇപ്പോഴിതാ  നടി രാധിക ശരത്കുമാറും ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നു.

‘നാനും റൗഡി താൻ’ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്താണ് നയന്‍‌താരയും വിഘ്നേഷ് ശിവനും തമ്മിലും പ്രണയത്തിലാകുന്നത്. വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്ത സിനിമയുടെ നിര്‍മാതാവ് ധനുഷായിരുന്നു. ചിത്രത്തില്‍ രാധിക ശരത്കുമാറും പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു. ഷൂട്ടിങ് പുരോഗമിക്കുമ്പോള്‍ ഒരു ദിവസം ധനുഷ് തന്നെ വിളിച്ച് വിഘ്നേഷിന്‍റെയും നയന്‍താരയുടെയും കാര്യം ചോദിച്ചുവെന്നാണ് രാധിക പറയുന്നത്. 

‘നിങ്ങള്‍ക്ക് നാണമില്ലേ എന്നാണായിരുന്നു  ധനുഷിന്‍റെ ആദ്യ പ്രതികരണം . എന്താണെന്ന് ചോദിച്ചപ്പോള്‍ അവിടെ നടക്കുന്ന കാര്യങ്ങളൊന്നും നിങ്ങള്‍ അറിഞ്ഞില്ലേ? വിക്കിയും നയനും തമ്മില്‍ ഡേറ്റിങ്ങിലാണ് എന്ന് അറിഞ്ഞില്ലേ? എന്നായിരുന്നു ധനുഷ് ചോദിച്ചത്. നിങ്ങള്‍ എന്താണീ പറയുന്നത് എനിക്കൊന്നും അറിയില്ല എന്നായിുന്നു  തന്‍റെ മറുപടി. നയന്‍താര– ധനുഷ് പോര് മുറുകുമ്പോള്‍ രാധിക ശരത്കുമാറിന്‍റെ ഈ വാക്കുകളും  ചര്‍ച്ചയാവുകയാണ്.

ALSO READ; ഇനി തുറന്ന യുദ്ധമോ? പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ട് നയന്‍താര

വിഘ്നേഷ് ശിവന്‍– നയന്‍താര വിവാഹ ഡോക്യുമെന്‍റിയില്‍ നാനും റൗഡി താൻ സിനിമയിലെ ദൃശ്യങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ ധനുഷ് അത് നിഷേധിച്ചു. പിന്നാലെ മൊബൈലില്‍ ചിത്രീകരിച്ച ചില അണിയറ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി ഡോക്യുമെന്‍ററി പുറത്തിറക്കിയെങ്കിലും ധനുഷ് മൂന്നു സെക്കന്‍റ് ദൃശ്യങ്ങള്‍ക്ക് പത്തു കോടി രൂപ നഷ്ടപരിഹാരം ചോദിച്ചുവെന്നാണ് നയന്‍താര ആരോപിക്കുന്നത്. 

സിനിമയുടെ ഷൂട്ടിങ് സമയത്ത് വളരെ മോശം സമീപനമാണ് ധനുഷിന്‍റെ ഭാഗത്തു നിന്നുണ്ടായതെന്നും എന്നാൽ ധനുഷിന്‍റെ കണക്കുക്കൂട്ടലുകൾക്ക് വിപരീതമായി ചിത്രം വൻവിജയമായെന്നും താരം കത്തില്‍ പറയുന്നു. ധനുഷിന്‍റെ പ്രൊഡക്‌ഷൻ കമ്പനിക്ക് വലിയ ലാഭം ഉണ്ടായെങ്കിലും അതിൽ ധനുഷിന് സന്തോഷം ഉണ്ടായിരുന്നില്ല. ചിത്രത്തിന്‍റെ വിജയാഘോഷത്തില്‍ നിന്നും ധനുഷ് വിട്ടുനില്‍ക്കുകയായിരുന്നെന്നും തന്നോടും വിക്കിയോടും എന്തിനാണ് ഇത്രേം പക സൂക്ഷിക്കുന്നതെന്നും നയന്‍താര ചോദിക്കുന്നു. 

ഇത് വളരെ മോശമായി പോയെന്നും, ഓഡിയോ ലോഞ്ചുകളിൽ ചിത്രീകരിക്കപ്പെടുന്ന നിങ്ങളുടെ സ്വഭാവത്തിന്‍റേയും നന്‍മയുടേയും പകുതിയെങ്കിലും നിങ്ങൾ കാണിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നുവെന്നും താരം തുറന്നടിച്ചു. വാക്കുകളിലൂടെ പറയുന്നത് നിങ്ങള്‍ ചെയ്യുന്നില്ലെന്നും, കുറഞ്ഞത് എന്‍റെയും എന്‍റെ പങ്കാളിയുടെയും കാര്യത്തിലെങ്കിലും അത് ചെയ്യണമെന്നും താരം കത്തില്‍ പറഞ്ഞിരുന്നു. നാനും റൗഡി താൻ ചിത്രീകരണത്തിനിടെ അവസാന ഭാഗങ്ങളില്‍ വേണ്ടത്ര പണം മുടക്കാന്‍ പോലും ധനുഷ് തയ്യാറായില്ലെന്നും നയന്‍താര സ്വന്തം പണമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്നുമുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ALSO READ; ‘സോറി ധനുഷ്, അടുത്ത തവണ ഞാൻ മെച്ചപ്പെടുത്താൻ ശ്രമിക്കാം’; ഒരു ഡയലോഗില്‍ തുടങ്ങിയ നയൻസ്- ധനുഷ് പോര്

നാനും റൗഡി താൻ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ സെറ്റിൽ ധനുഷ് എത്തി നയൻതാരയോട്  അഭിനയം മെച്ചപ്പെടുത്താന്‍ നിര്‍ദേശിച്ചെന്ന ആക്ഷേപം നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ചിത്രം റിലീസ് അയപ്പോള്‍ എല്ലാം മാറിമറിഞ്ഞു. ചിത്രത്തിലെ അഭിനയത്തിന് നയൻതാരയ്ക്ക് ആ വർഷത്തെ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. അവാർഡ് വാങ്ങാൻ വേദിയിലെത്തിയ നയൻതാര തന്‍റെ പ്രകടനം ധനുഷിന് ഇഷ്ടപ്പെടാത്തത്തിൽ ക്ഷമ ചോദിക്കുകയും അടുത്ത തവണ ഞാൻ മെച്ചപ്പെടുത്താം എന്ന് പറയുകയും ചെയ്തു. എന്നാല്‍ നാനും റൗഡി താൻ റിലീസ് ചെയ്തു പത്തുവര്‍ങ്ങള്‍ കഴിഞ്ഞിട്ടും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് അവസാനമില്ല.

ENGLISH SUMMARY:

‘Do you have any shame?’: Radhika Sarathkumar’s recalls Dhanush’s reaction to Nayanthara-Vignesh Shivan’s romance on Naanum Rowdy Dhaan film set.